മസ്ജിദുകള്‍ക്കുനേരെയുള്ള കൈയേറ്റം: ചെറുത്തുതോല്‍പ്പിക്കേണ്ടത് വിശ്വാസികളുടെ ബാധ്യത- ദേശീയ ഉലമ സെമിനാര്‍

Update: 2022-05-30 17:42 GMT

സേലം: ഇന്ത്യയിലെ പുരാതന മസ്ജിദുകള്‍ക്കുനേരേ ഹൈന്ദവ വിശ്വാസത്തിന്റെ മറവില്‍ ആര്‍എസ്എസ് നടത്തുന്ന നുണപ്രചരണങ്ങളെയും കൈയേറ്റത്തെയും ചെറുത്തുതോല്‍പ്പിക്കേണ്ടത് വിശ്വാസികളുടെ മതപരമായ നിര്‍ബന്ധബാധ്യതയാണെന്ന് സേലത്ത് ചേര്‍ന്ന ഉലമാക്കളുടെയും മുഫ്തിമാരുടെയും ദേശീയ സെമിനാര്‍ സംയുക്തമായി പ്രസ്താവിച്ചു. അപഹരിക്കപ്പെട്ട ഭൂമിയില്‍ അല്ലാഹുവിനുള്ള ആരാധന സാധുവാവുകയോ സ്വീകരിക്കപ്പെടുകയോ ചെയ്യില്ല എന്നതാണ് അംഗീകൃതമായ ഇസ്‌ലാമിക നിലപാട്. മുഗള്‍ ഭരണാധികാരികളോ മുസ് ലിംകളോ മുസ് ലിംകള്‍ക്ക് പൂര്‍ണമായി അവകാശപ്പെട്ട ഭൂമിയില്‍ സത്യസന്ധമായി നിര്‍മിച്ച മസ്ജിദുകള്‍ക്കെതിരെയാണ് ആര്‍എസ്എസ് വര്‍ഷങ്ങള്‍ക്കുശേഷം ഹൈന്ദവ ആരാധ്യപുരുഷന്‍മാരുടെയോ ആരാധനാമൂര്‍ത്തികളുടെയോ മറപിടിച്ച് അന്യായമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്.


 ഒരു നുണക്കഥ നിരവധി തവണ ആവര്‍ത്തിച്ച് നിരപരാധികളായ ഹൈന്ദവ വിശ്വാസികളെക്കൊണ്ട് വൈകാരികമായി ഏറ്റെടുപ്പിക്കുകയും ഹൈന്ദവരുടെ രക്ഷകരായി സ്വയം മാറുകയും ചെയ്യുക എന്ന ഗീബല്‍സ്യന്‍ തന്ത്രമാണ് ആര്‍എസ്എസ് വര്‍ഷങ്ങളായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതിലൂടെ മുസ് ലിംകളെ അപഹര്‍ത്താക്കളും അക്രമികളുമായി ചിത്രീകരിച്ച് പൊതുസമൂഹത്തില്‍ മുസ് ലിം വിരോധം വളര്‍ത്താനും വംശീയ ഉന്‍മൂലനം ത്വരിതപ്പെടുത്താനും എളുപ്പമാക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. ഇത് ഇന്ത്യ എന്ന മഹത്തായ ആശയത്തെയും അസ്തിത്വത്തെയും തകര്‍ത്തുകളയുമെന്നതില്‍ തര്‍ക്കമില്ല.


 ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നത്. രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടികളാവട്ടെ സംഘപരിവാറിന്റെ ഹിംസാത്മകമായ ഈ നിലപാടിനെ മറികടക്കാന്‍ ശ്രമിക്കാതെ മൃദുസമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ രാജ്യത്ത് വരുത്തുന്ന പ്രത്യാഘാതങ്ങള്‍ വേണ്ടത്ര ഗൗരവത്തില്‍ പരിഗണിച്ച് നടപടി കൈക്കൊള്ളാന്‍ നീതിപീഠങ്ങള്‍ക്കും കഴിയുന്നില്ല. ഈ അവസ്ഥയില്‍ രാജ്യത്തെയും മുസ് ലിം സമൂഹത്തെയും രക്ഷിച്ചെടുക്കാന്‍ കഴിയുന്ന തരത്തില്‍ വളരെ വലിയ ഉത്തരവാദിത്തബോധവും ചരിത്രപരമായ ദൗത്യനിര്‍വഹണവുമാണ് മുസ് ലിംകളില്‍ നിന്നുണ്ടാവേണ്ടത്- സെമിനാര്‍ ഓര്‍മപ്പെടുത്തി.

ബാബരി മസ്ജിദ്, ഗ്യാന്‍ വാപി മസ്ജിദ്, മധുര ഈദ് ഗാഹ് മസ്ജിദ് മുതല്‍ 36000 ലധികം മസ്ജിദുകള്‍ക്കുനേരെയാണ് സംഘപരിവാര്‍ നുണക്കഥകള്‍ പ്രചരിപ്പിച്ച് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. മസ്ജിദുകള്‍ പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന്റെ ഭവനങ്ങളാണ്. അതിന്റെ നാശത്തിനുവേണ്ടി ശ്രമിക്കുന്നത് ഏറ്റവും കൊടിയ അക്രമമാണ്. മസ്ജിദ് ഭൂമി അല്ലാഹുവിനു വഖ്ഫ് ചെയ്ത ഭൂമിയാണ്. അതിന്റെ ഉടമസ്ഥാവകാശം അല്ലാഹുവിന് മാത്രമുള്ളതാണ്. അത് മറ്റാര്‍ക്കും കൈമാറാന്‍ പാടില്ല. ഒരിക്കല്‍ മസ്ജിദായിരുന്ന ഭൂമി അന്ത്യനാള്‍ വരെ മസ്ജിദ് തന്നെയായിരിക്കും.

അതിനു മേലുള്ള അനധികൃത നിര്‍മാണങ്ങള്‍ ഈ വിധിക്ക് മാറ്റം വരുത്തുകയില്ല. മസ്ജിദിനു നേരെയുള്ള കൈയേറ്റങ്ങളെയും ആക്രമണങ്ങളെയും ജനകീയ പ്രതിരോധത്തിലൂടെ ചെറുത്തുതോല്‍പ്പിക്കേണ്ടത് എല്ലാ വിശ്വാസികളുടെയും ഫര്‍ളായ ബാധ്യതയാണ്. മുസ് ലിംകളുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും കാരണം ഒരു മസ്ജിദ് അന്യാധീനപ്പെടാന്‍ ഇടയായാല്‍ അതിന്റെ പേരില്‍ ഐഹികവും പാരത്രികവുമായ ദൈവശിക്ഷ അവര്‍ അനുഭവിക്കേണ്ടിവരും. ആയതിനാല്‍ ബാബരി മസ്ജിദ് ഉള്‍പ്പടെയുള്ള കൈയേറ്റം ചെയ്യപ്പെട്ട മസ്ജിദുകള്‍ വീണ്ടെടുക്കുന്നതുവരെ ജനാധിപത്യപരമായ സമരങ്ങള്‍ തുടരേണ്ടതുണ്ട്.

മസ്ജിദ് മാത്രമല്ല, എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അവ സുരക്ഷിതമാക്കാന്‍ ജനകീയ പ്രതിരോധം നടത്തണമെന്നുമാണ് ഇസ്‌ലാം അനുശാസിക്കുന്നത്. രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങളുടെ സംരക്ഷണത്തിനും സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിനുമായി രാജ്യം അതിന്റെ തനതായ നിലയില്‍ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്നും മുസ് ലിംകളും ഹിന്ദുക്കളും വംശഹത്യാ രാഷ്ട്രീയ തന്ത്രം പ്രയോഗിച്ച് പരസ്പരം തമ്മിലടിക്കേണ്ടവരല്ലെന്നും പരസ്പര ഐക്യം തകര്‍ക്കുന്ന സംഘപരിവാറിനെതിരേ ഒരുമിച്ചുനില്‍ക്കണമെന്നും സെമിനാര്‍ ഐകകണ്‌ഠേന ആഹ്വാനം ചെയ്തു.

സെമിനാര്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാനാ മുഹമ്മദ് അഹമ്മദ് ബേയ്ഗ് നദ്‌വി ഉദ്ഘാടനം ചെയ്തു. ഡോ. ഷാഹുല്‍ ഹമീദ് ബാഖവി, മൗലാന മുഫ്തി ഹനീഫ് അഹ് റാര്‍ ഖാസിമി, ഫൈസല്‍ അശ്‌റഫി, കരമന അശ്‌റഫ് ബാഖവി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിഷയമവതരിപ്പിച്ചു. സെമിനാറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇസ് ലാമിക സ്ഥാപന മേധാവികള്‍, മുഫ്തിമാര്‍, പ്രമുഖ പണ്ഡിതന്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത് സംസാരിച്ചു.

Tags:    

Similar News