കൊല്ലത്ത് വെടിയുണ്ട കണ്ടെത്തിയ സംഭവം എടിഎസ് അന്വേഷിക്കും

കൊല്ലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ വിദേശ നിര്‍മിതമാണെന്നു പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2020-02-22 17:08 GMT

തിരുവനന്തപുരം: കൊല്ലം കുളത്തുപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ഭീകര വിരുദ്ധ സേന(എടിഎസ്) അന്വേഷിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോകനാഥ ബഹ്‌റ അറിയിച്ചു. വെടിയുണ്ടകള്‍ വിദേശത്ത് നിന്നു കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ വിദേശ നിര്‍മിതമാണെന്നു പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്ക, ഇസ്രായേല്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഉണ്ടകളാണ് ഇവയെന്നും പിഒഎഫ് എന്നാണ് വെടിയുണ്ടകള്‍ക്ക് മേല്‍ എഴുതിയിരിക്കുന്നതെന്നും പോലിസ് അറിയിച്ചു. പിഒഎഫ് എന്നാല്‍ പാകിസ്താന്‍ ഓര്‍ഡ്‌നന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കപ്പേരാണെന്നാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

    സംഭവത്തില്‍ പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് സ്‌കാഡ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടോടെയാണ് കൊല്ലം കുളത്തൂപ്പുഴയില്‍ നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. മുപ്പതടി പാലത്തിന് താഴെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വെടിയുണ്ടകള്‍ കണ്ടെത്തിയത്.

    കണ്ണൂര്‍ ഇരിട്ടിക്കു സമീപത്തെ കൂട്ടുപുഴ ചെക് പോസ്റ്റില്‍ കാറില്‍ കടത്തുന്നതിനിടെ 60 വെടിയുണ്ടകള്‍ പിടികൂടിയിരുന്നു. സംഭവത്തില്‍ തില്ലങ്കേരി മച്ചൂര്‍ മലയിലെ കെ പ്രമോദിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.




Tags:    

Similar News