ഛത്തീസ്ഗഢില്‍ മദ്യത്തിന് പകരം ഹോമിയോപ്പതി മരുന്ന് കഴിച്ച ഒമ്പത് പേര്‍ മരിച്ചു

മദ്യത്തിന് പകരമായി 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ 30 ഡോസ് ഹോമിയോപ്പതി സിറപ്പ് കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പ്രശാന്ത് അഗ്രവ പറഞ്ഞു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം കൃത്യമായി അറിയാന്‍ സാധിക്കുകയുള്ളൂ. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Update: 2021-05-07 04:59 GMT

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ മദ്യത്തിന് പകരം ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോപ്പതി മരുന്ന് കഴിച്ച് ഒമ്പതുപേര്‍ മരിച്ചു. മരുന്ന് കഴിച്ച ആറുപേര്‍ ബിലാസ്പൂരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും മറ്റൊരാള്‍ സ്വകാര്യാശുപത്രിയിലും ചികില്‍സയിലാണ്. സിര്‍ഗിട്ടി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള കോര്‍മി ഗ്രാമത്തില്‍നിന്നാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതെന്ന് ബിലാസ്പൂര്‍ എസ്പി പ്രശാന്ത് അഗ്രവ പറഞ്ഞു. രണ്ടുദിവസത്തിനിടയിലാണ് ഇത്രയും പേര്‍ മരണപ്പെട്ടത്.

മദ്യത്തിന് പകരമായി 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ 30 ഡോസ് ഹോമിയോപ്പതി സിറപ്പ് കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പ്രശാന്ത് അഗ്രവ പറഞ്ഞു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം കൃത്യമായി അറിയാന്‍ സാധിക്കുകയുള്ളൂ. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഒമ്പത് പേരില്‍ നാലുപേര്‍ ചൊവ്വാഴ്ച രാത്രി വീടുകളിലാണ് മരിച്ചത്. കമലേഷ് ധൂരി (32), അക്ഷര ധൂരി (21), രാജേഷ് ധൂരി (21), സാമ്രു ധൂരി (25) എന്നിവര്‍ മരുന്ന് കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടില്‍ മരണമടയുകയായിരുന്നു. കൊവിഡ് മൂലമാണ് മരിച്ചതെന്ന് സംശയിച്ച കുടുംബങ്ങള്‍ പിറ്റേന്ന് രാവിലെ അധികൃതരെ അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പിന്നാലെ ഇതേ മരുന്ന് കഴിച്ച ഗ്രാമത്തിലെ മറ്റൊരാള്‍ ബുധനാഴ്ച രാവിലെ മരിച്ചു. വിവരമറിഞ്ഞ പോലിസ് സ്ഥലത്തെത്തുകയും മരുന്ന് കഴിച്ച് ഗുരുതരാവസ്ഥയിലായ മറ്റുള്ളവരെ ആശുപത്രിലേക്ക് മാറ്റുകയും ചെയ്തു.

ബുധനാഴ്ച രാത്രി ചികില്‍സയ്ക്കിടെ ഖേംചന്ദ് ധൂരി (40), കൈലാഷ് ദുരി (50), ദിപക് ധൂരി (30) എന്നിങ്ങനെ മൂന്ന് പേര്‍ ബുധനാഴ്ച രാത്രി ആശുപത്രികളിലാണ് മരണമടഞ്ഞത്. ബിലാസ്പൂരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍വച്ച് വ്യാഴാഴ്ച രാവിലെയാണ് മറ്റൊരാള്‍ മരിച്ചതെന്ന് അഡീഷനല്‍ പോലിസ് സൂപ്രണ്ട് ഉമേഷ് കശ്യപ് പറഞ്ഞു. പ്രദേശത്ത് ഹോമിയോപ്പതി ചികില്‍സ നടത്തുന്നയാളില്‍നിന്നാണ് ഇവര്‍ മരുന്ന് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമവാസികള്‍ക്ക് വൈദ്യപരിശോധന നടത്തുന്നതിനായി വ്യാഴാഴ്ച ഗ്രാമത്തില്‍ ആരോഗ്യക്യാംപ് നടത്തിയതായും കശ്യപ് കൂട്ടിച്ചേര്‍ത്തു.

Tags: