അസിം പ്രേജി, രഘുറാം രാജന്‍, 'ദ വയര്‍' ഐബിയുടെ 'കരിമ്പട്ടിക'യില്‍

ശ്രേഷ്ഠ പദവി പട്ടികയില്‍ നിന്ന് മോദിവിരുദ്ധ സ്ഥാപനങ്ങള്‍ പുറത്തായേക്കും

Update: 2019-01-29 04:41 GMT

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെയും എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങളെയും വിമര്‍ശിക്കുന്ന സ്ഥാപനങ്ങള്‍ ശ്രേഷ്ഠ പദവി പട്ടികയില്‍ നിന്നു പുറത്ത്. രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകള്‍ക്കു നല്‍കുന്ന ശ്രേഷ്ഠ പദവി അശോക, കെആര്‍ഇഎ, അസിം പ്രേംജി, ഓപി ജിന്‍ഡാല്‍, ജാമിയ ഹംദാര്‍ദ് തുടങ്ങിയ സര്‍വകലാശാലകള്‍ക്കു നല്‍കരുതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ(ഐബി) ഒരു മാസം മുമ്പ് മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. മാത്രമല്ല, അമിത് ഷായുടെ മകന്റെ അഭൂതപൂര്‍വമായ വ്യാപാര വളര്‍ച്ചയെ കുറിച്ച് റിപോര്‍ട്ട് നല്‍കിയ ദേശീയ ഓണ്‍ ലൈന്‍ മാധ്യമമായ 'ദ വയര്‍' ഉള്‍പ്പെടെയുള്ളവയും ഐബിയുടെ കരിമ്പട്ടികയിലുണ്ട്. അസിം പ്രേംജി സര്‍വകലാശാല വൈസ് ചാന്‍സലറും ഐടി സ്ഥാപനമായ വിപ്രോയുടെ ചെയര്‍മാനുമായ അസിം പ്രേംജിക്കെതിരേ നിലപാടെടുക്കാനും കാരണം 'ദ വയറിന്' ഫണ്ട് നല്‍കുന്നതാണ്. മേല്‍പ്പറഞ്ഞ സര്‍വകലാശാലകളിലുള്ളവര്‍ മോദിയേയും ബിജെപിയെയും വിമര്‍ശിക്കുന്നുവെന്നാണ് റിപോര്‍ട്ടിലുള്ളത്. അശോക സര്‍വകലാശാല വിസി പ്രതാപ് ഭാനു മേത്ത, ചെയര്‍മാന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, സ്ഥാപകന്‍ ആശിഷ് ദവാന്‍ എന്നിവര്‍ക്കെതിരേയും പരാമര്‍ശമുണ്ട്. ദവാന്‍ ഫണ്ട് നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമമായ 'ദ വയറും' കരിമ്പട്ടികയിലാണുള്ളത്. സ്വകാര്യ ഇക്വിറ്റി സംരംഭകനും ഫിലാന്ത്രോപിസ്റ്റുമായ ആശിഷ് ദവാന്‍ ഇന്‍ഡിപെന്‍ഡന്റ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍(ഐപിഎസ്എംഎഫ്) ബോര്‍ഡ് അംഗമാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കുന്ന പ്രവര്‍ത്തനം നടത്തുന്ന കൂട്ടായ്മ 'ദ വയര്‍', 'ദ പ്രിന്റ്' എന്നീ സ്ഥാപനങ്ങള്‍ക്ക് ഫണ്ടു നല്‍കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിമര്‍ശനം.

    നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചതിനാണ് കെആര്‍ഇഎ സര്‍വകലാശാലയില്‍ മോദി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരുടെ കൂട്ടത്തില്‍ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ പേരുള്ളത്. ഗുജറാത്ത് കലാപത്തെ എതിര്‍ത്ത സര്‍വകലാശാലയിലെ ഗവേണിങ് കൗണ്‍സില്‍ അംഗം അനു അഗയ്‌ക്കെതിരേയും പരാമര്‍ശമുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ ഹ്യൂമന്‍ സെറ്റില്‍മെന്റ് ബാഗ്ലൂരിന്റെ സ്ഥാപകരിലൊരാളും ചെയര്‍മാനുമായ സിബി ഭാവെ, ജാമിയ ഹംദാര്‍ദ് സര്‍വകലാശാല ചാന്‍സലര്‍ ഹബില്‍ കോറഗിവാല, കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഭുവനേശ്വര്‍ സ്ഥാപകന്‍ അക്യുത സമന്ദ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ഗാന്ധി നഗര്‍ ഡയറക്ടര്‍ ദിലീപ് മാവ്‌ലങ്കര്‍, ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ സര്‍വകലാശാല സോനിപറ്റ് മുന്‍ വിസി, വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജി ചാന്‍സലര്‍ ജി വിശ്വനാഥനും ഈ സ്ഥാപനങ്ങളിലെ ചില അധ്യാപകരുടെ പേരും റിപോര്‍ട്ടിലുണ്ട്. ഇന്ന് നടക്കുന്ന യുജിസി കമ്മീഷന്‍ യോഗത്തില്‍ എംപവേര്‍ഡ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി(ഇഇസി) റിപോര്‍ട്ട് പരിശോധിച്ച് ലിസ്റ്റിന് അന്തിമ രൂപം നല്‍കും. അതേസമയം, കഴിഞ്ഞ ജൂലൈയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പ് തന്നെ റിലയന്‍സ് ഫൗണ്ടേഷനു കീഴിലുള്ള ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് കേന്ദ്രസര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കിയത് വിവാദമായിരുന്നു. ഇത്തവണത്തെ ശ്രേഷ്ഠപദവി പട്ടികയും വിവാദത്തിനു വഴിവയ്ക്കുമെന്നാണു റിപോര്‍ട്ടുകള്‍.




Tags: