നിയമസഭാ സമ്മേളനം നാളെ മുതല്‍; ലോകായുക്ത ബില്‍ ബുധനാഴ്ച

ഗവര്‍ണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകള്‍ സഭാ സമ്മേളനത്തില്‍ വരും. ബില്ലുകളെ ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷം സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള മറ്റ് വിവാദ വിഷയങ്ങളിലും സര്‍ക്കാറിനെ നേരിടും.

Update: 2022-08-21 03:01 GMT

തിരുവനന്തപുരം: കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലെ പോര് രൂക്ഷമായി തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാവും. ഗവര്‍ണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകള്‍ സഭാ സമ്മേളനത്തില്‍ വരും. ബില്ലുകളെ ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷം സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള മറ്റ് വിവാദ വിഷയങ്ങളിലും സര്‍ക്കാറിനെ നേരിടും.

ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ ഗവര്‍ണ്ണര്‍ അസാധുവാക്കിയ സവിശേഷ സാഹചര്യത്തിലാണ് നിയമ നിര്‍മ്മാണത്തിന് മാത്രമായുള്ള സഭാ സമ്മേളനം നടക്കുന്നത്. ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ അസാധാരണ പോര് തന്നെയാണ് സഭാ സമ്മേളനത്തിലെ പ്രത്യേകത. ലോകായുക്ത നിയമ ഭേദഗതി ബില്‍ വരുന്നത് ബുധനാഴ്ചയാണ്. പ്രതിപക്ഷം ബില്ലിനെ ശക്തിയായി എതിര്‍ക്കും. എന്നാല്‍ സിപിഐ സ്വീകരിക്കാന്‍ പോകുന്ന നിലപാടും നിര്‍ണ്ണായകമാകും. ഇതുവരെ ഭേദഗതിയില്‍ സിപിഎം-സിപിഐ ചര്‍ച്ച നടന്നിട്ടില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ തള്ളിക്കളയാമെന്ന സര്‍ക്കാര്‍ ഭേദഗതിയോട് സിപിഐക്ക് എതിര്‍പ്പാണ്.

സര്‍ക്കാറിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാരസമിതി ഹിയറിംഗ് നടത്തട്ടേയെന്നാണ് സിപിഐ നിര്‍ദ്ദേശം. ഇത് സര്‍ക്കാറിന്റെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാമെന്നായിരുന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയും നിയമമന്ത്രിയും വെച്ച ധാരണ. സിപിഐയുടെ പിന്നോട്ടും പോക്ക് അടക്കം വലിയ ചര്‍ച്ചയാകും.

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടാനുള്ള ബില്ലാണ് അടുത്തത്. ഇതിനെ ശക്തമായി എതിര്‍ക്കാനൊരുങ്ങുന്ന പ്രതിപക്ഷം, പ്രിയാ വര്‍ഗ്ഗീസിന്റേതടക്കമുള്ള ബന്ധുനിയമനങ്ങളും ഉന്നയിക്കും. ഗവര്‍ണറുമായി ഇതുവരെ സമവായത്തിന് തയ്യാറാകാത്ത മുഖ്യമന്ത്രി വിവാദത്തില്‍ നിലപാട് വ്യക്തമാക്കുന്നതും സഭയിലാകും.

Tags: