നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; വിവാദങ്ങളില്‍ സര്‍ക്കാരിനെ പ്രതികൂട്ടില്‍ കയറ്റാന്‍ ഒരുങ്ങി പ്രതിപക്ഷം

സര്‍ക്കാരിന് ക്രിയാത്മകസഹകരണം പ്രതിപക്ഷം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സമ്മേളനം ശാന്തമായിരിക്കാനിടയില്ല.

Update: 2021-07-22 01:48 GMT
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; വിവാദങ്ങളില്‍ സര്‍ക്കാരിനെ പ്രതികൂട്ടില്‍ കയറ്റാന്‍ ഒരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടക്കം. ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചചെയ്ത് ബജറ്റ് പാസാക്കാനാണ് സമ്മേളനം. സര്‍ക്കാരിന് ക്രിയാത്മകസഹകരണം പ്രതിപക്ഷം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സമ്മേളനം ശാന്തമായിരിക്കാനിടയില്ല. മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ആദ്യ ദിവസം തന്നെ പ്രതിപക്ഷത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരും. മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയും എന്‍സിപിയും തളളിയ സാഹചര്യത്തില്‍ അടിയന്തര പ്രമേയം ഉള്‍പ്പടെ കൊണ്ടുവന്ന് പ്രശ്‌നം സഭയില്‍ സജീവമാക്കാനാണ് പ്രതിപക്ഷ തീരുമാനം. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന മറുപടി നല്‍കി പ്രതിരോധിക്കാനാകും മന്ത്രി ശശീന്ദ്രന്റെ ശ്രമം. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭക്കു മുന്നില്‍ വിവിധ പ്രതിപക്ഷ സംഘടനകളുടെ സമരവും ഇന്നുണ്ടാകും.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിന്റെ ധനാഭ്യര്‍ഥനയാണ് വ്യാഴാഴ്ച ചര്‍ച്ചചെയ്യേണ്ടത്. അതിനാല്‍ സര്‍ക്കാരിനെതിരേ ഇതുവരെ ഉയര്‍ന്ന ആരോപണങ്ങള്‍ സഭയില്‍ ഉന്നയിക്കപ്പെടും. പ്രതിഷേധത്തിന്റെ പേരില്‍ സഭ തടസ്സപ്പെടുത്തുന്നതിനു പകരം പ്രശ്‌നങ്ങളെല്ലാം സഭയില്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാണ് പ്രതിപക്ഷ തന്ത്രം. അനധികൃത മരംമുറി ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

വ്യാഴാഴ്ച രാവിലെ പ്രതിപക്ഷത്തെ പ്രധാനനേതാക്കള്‍ യോഗംചേര്‍ന്ന് പ്രധാന പ്രശ്‌നങ്ങളില്‍ സഭയില്‍ സ്വീകരിക്കേണ്ട സമീപനത്തില്‍ ധാരണയുണ്ടാക്കും. യുഡിഎഫ് നിയമസഭാകക്ഷിയോഗവും ചേരും. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ അനുപാതം മാറ്റിയതിനെതിരേ ഭിന്നതകള്‍ മാറ്റിവെച്ച് ഐക്യത്തോടെയുള്ള നിലപാട് സ്വീകരിക്കും.

Tags: