ഫാഷിസ്റ്റുകളെ പരാജയപ്പെടുത്താന്‍ എസ്ഡിപിഐ തനിക്ക് വോട്ട് ചെയ്തു: എകെഎം അഷ്‌റഫ്
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്‍ ന്യൂനപക്ഷ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രചരണം നടത്തിയതെന്നും ഇത് ബിജെപിക്ക് ഗുണകരമായെന്നും അഷ്‌റഫ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട്: മഞ്ചേശ്വരത്ത് സംഘപരിവാര്‍ ഫാസിസ്റ്റുകളെ പരാജയപ്പെടുത്താന്‍ സ്വാഭാവികമായും എസ്ഡിപിഐ പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് നല്‍കിയിട്ടുണ്ടെന്ന് മഞ്ചേശ്വരത്ത് വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫ്. തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പരസ്യ പിന്തുണയും കാംപയിനും ഉണ്ടായതിനെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്‍ ന്യൂനപക്ഷ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രചരണം നടത്തിയതെന്നും ഇത് ബിജെപിക്ക് ഗുണകരമായെന്നും അഷ്‌റഫ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ വിജയത്തിനായി കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാരും എംഎല്‍എമാരുമുള്‍പ്പെടെയുള്ള സംഘം തമ്പടിച്ച് കോടികള്‍ ഒഴുക്കി. ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥി വിജയിക്കരുതെന്നാണ് എന്‍ഡിഎ നേതാക്കള്‍ സ്വകാര്യമായി പലരേയും കണ്ട് പറഞ്ഞത്. വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് പുറമെ ന്യൂനപക്ഷങ്ങളുടേതടക്കം നിരവധി വീടുകളിലും വാടക ക്വാര്‍ട്ടേഴ്‌സുകളിലും കയറി 1000 രൂപയും കിറ്റും നല്‍കി. എന്നാല്‍ ഇതെല്ലാം മറികടന്ന് ജനാധിപത്യമതേതര വിശ്വാസികള്‍ തനിക്കൊപ്പം നില്‍ക്കുകയായിരുന്നുവെന്നും മതേതര വോട്ടുകള്‍ കൊണ്ടാണ് ചെറിയ ഭൂരിപക്ഷത്തില്‍ താന്‍ വിജയിച്ചതെന്നും അഷ്‌റഫ് പറഞ്ഞു.
ഏതാണ്ട് അയ്യായിരത്തിന് മുകളില്‍ ഭൂരിപക്ഷം താന്‍ പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ എന്‍ഡിഎ പണമൊഴുക്കിയത് മൂലം ഇത് ലഭിച്ചില്ലെന്നും അഷ്‌റഫ് പറഞ്ഞു.
കെ സുരേന്ദ്രന്‍ നോമിനേഷന്‍ കൊടുത്ത ശേഷം തനിക്കെതിരേ അപര സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ അഷ്‌റഫ് എന്ന് പേരുള്ള പലരേയും സമീപിച്ചു. അവരില്‍ പലരും എന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അപരനായി നില്‍ക്കാന്‍ ആരും തയ്യാറായില്ല. കര്‍ണാടക ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വോട്ടുകള്‍ പിടിക്കാനാണ് എന്‍ഡിഎ ശ്രമിച്ചത്. പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി പത്മേഷ് സ്വാഗതം പറഞ്ഞു.

