ട്രെയിനില്‍ യാത്രക്കാരനെ ചവിട്ടിയ എസ്ഐക്ക് സസ്‌പെന്‍ഷന്‍

ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Update: 2022-01-03 14:22 GMT

കണ്ണൂര്‍: ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്നും സ്ത്രീകളെ ശല്യംചെയ്‌തെന്നും ആരോപിച്ച് ട്രെയിനില്‍ പോലിസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരനെ ചവിട്ടിയ എഎസ്ഐ പ്രമോദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യാത്രക്കാരനെ മര്‍ദിച്ചത് പോലിസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് പോലിസ് വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് നടപടി. ഇന്റലിജന്‍സ് എഡിജിപിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴായിരുന്നു സംഭവം. യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പോലിസ് ഭാഷ്യം.