അസം: ആള്‍ക്കൂട്ട ആക്രമണത്തില്‍ വിദ്യാര്‍ഥി നേതാവ് കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ട് ടൗണില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ വിദ്യാര്‍ഥി നേതാവ് കൊല്ലപ്പെട്ടു. കൂടെ യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍(ആസു) ഗോലാഘട്ട ജില്ലാ ചാപ്റ്റര്‍ വിദ്യാഭ്യാസ സെക്രട്ടറി അനിമേഷ് ഭുയാന്‍(23) ആണ് കൊല്ലപ്പെട്ടതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആസു പ്രവര്‍ത്തകനായ പ്രണയ് ദത്ത, അസമീസ് വാര്‍ത്താ ചാനലായ പ്രതിദിന്‍ ടൈം റിപ്പോര്‍ട്ടര്‍ മൃദുസ്മന്ത ബറവ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ടൗണിലെ നിര്‍മല്‍ ചാരിയാലി പ്രദേശത്തെ ട്രക്ക് സ്റ്റാന്റിലൂടെ കടുന്ന പോകുന്നതിനിടെയാണ് ആക്രമണം അരങ്ങേറിയത്.
ഇരുചക്ര വാഹനത്തില്‍ നിന്ന് ഒരു വയോധികന്‍ താഴെ വീഴുന്നത് കണ്ട് അയാളെ സഹായിക്കാന്‍ വാഹനം നിര്‍ത്തിയതായിരുന്നു വിദ്യാര്‍ഥി നേതാക്കള്‍. എന്നാല്‍, മദ്യലഹരിയിലായിരുന്ന ബൈക്ക് യാത്രികന്‍ ഇവര്‍ക്കെതിരേ തിരിയുകയായിരുന്നു. വിദ്യാര്‍ഥി നേതാക്കളുടെ വാഹനം ഇടിച്ചാണ് താന്‍ വീണതെന്ന് പറഞ്ഞായിരുന്നു തര്‍ക്കം ആരംഭിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ വിദ്യാര്‍ഥികളെ കൈയ്യേറ്റം ചെയ്യാന്‍ ആരംഭിച്ചു.
ഇതോടെ സമീപത്തുണ്ടായിരുന്നവര്‍ സംഘടിച്ചെത്തുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയുമായിരുന്നെന്ന് ജോര്‍ഹട്ട് പോലിസ് സൂപ്രണ്ട് അങ്കിത് ജെയിന്‍ പിടിഐയോട് പറഞ്ഞു. അമ്പലധികം പേര്‍ ചേര്‍ന്ന് 15 മിനിറ്റോളം വിദ്യാര്‍ഥികളെ ക്രൂരമായി ആക്രമണത്തിന് വിധേയമാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ പോലിസിന്റെ സാന്നിധ്യത്തിലും ജനക്കൂട്ടം മൂവരേയും ആക്രമിക്കുന്നതായി കാണാമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിക്കേറ്റ മൂന്ന് പേരെയും പോലീസ് ജോര്‍ഹട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഭുയാന്‍ മരിച്ചിരുന്നു. മറ്റു രണ്ടുപേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തില്‍ 13 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.
