ബിജെപി എംഎല്‍എയ്‌ക്കെതിരായ പ്രതിഷേധം റിപോര്‍ട്ട് ചെയ്തു; മാധ്യമപ്രവര്‍ത്തകരെയടക്കം സ്‌റ്റേഷനില്‍ അടിവസ്ത്രത്തില്‍ നിര്‍ത്തി പോലിസ്

Update: 2022-04-07 18:18 GMT

ഭോപാല്‍: സ്‌റ്റേഷനില്‍ ഒരുകൂട്ടം യുവാക്കള്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തി പോലിസിന്റെ ക്രൂരത. മധ്യപ്രദേശിലെ സിധി ജില്ലയിലെ ഒരു പോലിസ് സ്‌റ്റേഷനിലാണ് സംഭവം. യുവാക്കള്‍ അടിവസ്ത്രം ധരിച്ച് ചുമരിനോട് ചേര്‍ന്ന് കൈകള്‍ കെട്ടിനില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. ബിജെപി പ്രാദേശിക എംഎല്‍എയ്‌ക്കെതിരായ പ്രതിഷേധം റിപോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകരും നാടക കലാകാരനും ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലിസ് ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രം അഴിപ്പിക്കുകയും ചെയ്തത്.

ബിജെപി എംഎല്‍എ കേദാര്‍നാഥ് ശുക്ലയ്ക്കും മകന്‍ കേദാര്‍ ഗുരു ദത്ത് ശുക്ലയ്ക്കുമെതിരേ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിന് നാടക കലാകാരന്‍ നീരജ് കുന്ദറിനെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധം മാധ്യപ്രവര്‍ത്തകന്‍ റിപോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവത്തിന്റെ തുടക്കം. കനിഷ്‌ക തിവാരി എന്ന മാധ്യമപ്രവര്‍ത്തകന്‍, കാമറാ പേഴ്‌സന്‍, നാടക കലാകാരന്‍ ഉള്‍പ്പെടെയുള്ള എട്ടോളം പേരെ അറസ്റ്റ് ചെയ്യുകയും സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നു. അതിക്രമിച്ചുകയറുക, പൊതുസമാധാനം തകര്‍ക്കുക തുടങ്ങിയ നിരവധി വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

'നിങ്ങള്‍ എന്തിനാണ് എംഎല്‍എയ്‌ക്കെതിരേ കഥകള്‍ പ്രചരിപ്പിക്കുന്നത്?' എന്ന് പോലിസ് ചോദിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. ചില പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തിവാരിയടക്കമുള്ളവരെ 18 മണിക്കൂറാണ് പോലിസ് കസ്റ്റഡിയില്‍ വച്ചത്. ഏപ്രില്‍ 2 ന് രാത്രി 8 മണിയോടെ പോലിസ് കസ്റ്റഡിയിലെടുത്ത ഞങ്ങളെ ഏപ്രില്‍ 3ന് വൈകീട്ട് ആറുമണിയോടെ ഞങ്ങളെ വിട്ടയക്കുകയും ചെയ്തു. നാടക കലാകാരന്‍ കുന്ദറിന്റെ അറസ്റ്റിനെതിരേ നിരവധി സാമൂഹിക പ്രവര്‍ത്തകരും നാടക കലാകാരന്‍മാരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചവരെ പോലിസ് മര്‍ദ്ദിച്ചുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള അഭിഷേക് സിങ് പരിഹാറാണ് കസ്റ്റഡിയിലെടുത്തവരുടെ ചിത്രമെടുത്തത്. എംഎല്‍എയ്‌ക്കെതിരേ വാര്‍ത്ത നല്‍കിയാല്‍ നഗരത്തിലൂടെ നഗ്‌നരായി പരേഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തി. പോലിസ് പോസ്റ്റ് വൈറലാക്കി. ഇത് നമ്മുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും തിവാരി കൂട്ടിചച്ചേര്‍ത്തു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇടപെട്ടിട്ടുണ്ട്. കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News