രഞ്ജിത്ത് വധം: കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവർത്തകന് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലിസ് മർദ്ദനം

ഇന്നലെ മണ്ണഞ്ചേരിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ ഫിറോസ് എന്ന 25കാരനെ പോലിസ് ക്രൂരമായി മർദ്ദിച്ചു.

Update: 2021-12-21 13:47 GMT

ആലപ്പുഴ: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലിസ് എസ്ഡിപിഐ പ്രവര്‍ത്തകനെ ക്രൂരമായി മർദ്ദിച്ചെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. ഫിറോസ് എന്ന 25കാരനെയാണ് പോലിസ് മർ​ദ്ദിച്ചതെന്നും മർദ്ദനവിവരം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും മുവാറ്റുപുഴ അഷറഫ് മൗലവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്നലെ മണ്ണഞ്ചേരിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ ഫിറോസ് എന്ന 25കാരനെ പോലിസ് ക്രൂരമായി മർദ്ദിച്ചു. ഡിവൈഎസ്പി ഓഫിസില്‍ ക്യാമറയുള്ളത് കൊണ്ട് എആര്‍ കാംപില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ട് വന്ന് ഇരുട്ടിലേക്ക് മാറ്റി നിര്‍ത്തിയാണ് ഫിറോസിനെ മർ​ദ്ദിച്ചത്. ജയ്ശ്രീറാം വിളിക്കാന്‍ പറഞ്ഞുകൊണ്ടാണ് പോലിസ് മർദ്ദിച്ചത്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് പോലിസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരാവസ്ഥയിലായതോടെ ഫിറോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്രം പോകാത്ത അവസ്ഥയിലാണ് ഫിറോസ് ഇപ്പോള്‍ കഴിയുന്നത്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. ആര്‍എസ്എസിന് അനുകൂലമായാണ് കേരള പോലിസ് പ്രവര്‍ത്തിക്കുന്നതെന്നും പോലിസ് സമീപനം പക്ഷപാതിത്വപരമാണെന്നും അഷറഫ് മൗലവി കൂട്ടിച്ചേര്‍ത്തു.