അസം വ്യാജമദ്യ ദുരന്തം: മരണസംഖ്യ 114 ആയി; 12 പേര്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യ ഫാക്ടറിയുടെ ഉടമസ്ഥരെയടക്കം 12 പേരെ പോലിസ് അറസ്റ്റുചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അസമിലെ ഗൊലാഘട്ട് ജില്ലയില്‍ 71 പേരും ജോര്‍ഹട്ട് ജില്ലയില്‍ 43 പേരുമാണ് മദ്യദുരന്തത്തില്‍ മരണപ്പെട്ടത്. ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത.

Update: 2019-02-24 04:15 GMT

ഗുവാഹത്തി: അസമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 114 ആയി ഉയര്‍ന്നു. മുന്നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. പലരുടെയും നില ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യ ഫാക്ടറിയുടെ ഉടമസ്ഥരെയടക്കം 12 പേരെ പോലിസ് അറസ്റ്റുചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അസമിലെ ഗൊലാഘട്ട് ജില്ലയില്‍ 71 പേരും ജോര്‍ഹട്ട് ജില്ലയില്‍ 43 പേരുമാണ് മദ്യദുരന്തത്തില്‍ മരണപ്പെട്ടത്. ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത.

തേയിലത്തോട്ടത്തിലെ തൊഴിലാളികളാണു മരിച്ചവരില്‍ ഭൂരിഭാഗവും. ഏതാനും വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ മദ്യദുരന്തമായാണ് ഇതിനെ കണക്കാക്കുന്നത്. വ്യാഴാഴ്ച രാത്രി മുതലാണ് മദ്യം കഴിച്ച് നിരവധി പേര്‍ കുഴഞ്ഞുവീഴുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തത്. ആദ്യം പുറത്തുവന്ന റിപോര്‍ട്ടുകള്‍ പ്രകാരം മരണസംഖ്യ 58 ആയിരുന്നു. അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വശര്‍മയാണ് മരണസംഖ്യ 114 ആയതായി വ്യക്തമാക്കിയത്. സാല്‍മാരാ തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. മരിച്ചവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. വില്‍പന നടത്തിയ ഒരു അമ്മയും മകനും മരിച്ചിട്ടുണ്ട്. മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി അസം എക്‌സൈസ് മന്ത്രി പരിമള്‍ ശുക്ലബൈദ്യ അറിയിച്ചു.

മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവള്‍ ഉത്തരവിട്ടു. ദുരന്തത്തിന്റെ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം അപ്പര്‍ ഡിവിഷന്‍ കമ്മീഷണര്‍ ജൂലി സോനാവാളിനെ ചുമതലപ്പെടുത്തി. അനധികൃത മദ്യവില്‍പ്പന നിരോധിക്കാനും കുറ്റക്കാരെ അറസ്റ്റുചെയ്ത് കര്‍ശന ശിക്ഷ ഉറപ്പുവരുത്താനും അദ്ദേഹം നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു. ദുരന്തമുണ്ടായ മേഖലയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് 17 പേരെക്കൂടി തിരിച്ചറിഞ്ഞതായി ഉന്നത പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ടുലക്ഷം രൂപയും ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News