'ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത';നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് അസദുദ്ദീന്‍ ഉവൈസി

ബിജെപി നുപൂര്‍ ശര്‍മയെ സംരക്ഷിക്കുന്നു, അടുത്ത ആറോ ഏഴോ മാസത്തിനുള്ളില്‍ നുപൂര്‍ ശര്‍മ വലിയ നേതാവായി ഉയര്‍ത്തപ്പെട്ടേക്കാം

Update: 2022-06-19 07:09 GMT

ന്യൂഡല്‍ഹി:പ്രവാചകനിന്ദ നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നുപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി.നുപൂര്‍ ശര്‍മയെ ബിജെപി സംരക്ഷിക്കുകയാണെന്നും, നുപൂര്‍ ശര്‍മ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കാമെന്നും ഉവൈസി പറഞ്ഞു.

'നുപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യുകയും രാജ്യത്തെ നിയമമനുസരിച്ച് നടപടിയെടുക്കുകയും വേണം. ഭരണഘടനാ പ്രകാരമുള്ള നടപടിയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്.ബിജെപി നുപൂര്‍ ശര്‍മയെ സംരക്ഷിക്കുന്നു, അടുത്ത ആറോ ഏഴോ മാസത്തിനുള്ളില്‍ നുപൂര്‍ ശര്‍മ വലിയ നേതാവായി ഉയര്‍ത്തപ്പെട്ടേക്കാം. നുപൂര്‍ ശര്‍മയെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനിടയുണ്ട്, ഞങ്ങള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടും അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. എഐഎംഐഎം നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലിസിനെ ഡല്‍ഹിയിലേക്ക് അയക്കാന്‍ ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു' ഉവൈസി പറഞ്ഞു.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് നസീം ഖാനും നുപൂര്‍ ശര്‍മയെയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.വിവാദപരാമര്‍ശത്തിനു പിന്നാലെ രാജ്യത്തെ നിരവധി പോലിസ് സ്‌റ്റേഷനുകളില്‍ നൂപുര്‍ ശര്‍മക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ അവരെ അറസ്റ്റ് ചെയ്തിട്ടില്ല. നൂപുറിനെ തേടി മുംബൈ പോലിസ് ഡല്‍ഹിയിലെത്തിയെങ്കിലും പിടികൂടാനായില്ല. ഇവര്‍ ഒളിവിലാണെന്ന് പോലിസ് പറയുന്നു.

ടിവി ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പരാമര്‍ശം. വിവാദമായതോടെ നൂപുര്‍ ശര്‍മയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ഡല്‍ഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരന്‍ നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു.

നൂപുര്‍ശര്‍മ്മയുടെ പ്രവാചക നിന്ദക്കെതിരേ രാജ്യത്തിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്ന് വന്നത്.പഞ്ചാബില്‍, നൂപുര്‍ ശര്‍മ്മയെയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Tags: