ആര്യസമാജത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: ആര്യസമാജത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരമില്ലെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റിനു മാത്രമേ ആധികാരികതയുള്ളൂ എന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബി.വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ആണ് സുപ്രീംകോടതി ആര്യസമാജത്തില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയത്. പരാതിക്കാരിയായ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായത് ആണെന്നും പ്രതിയെന്നാരോപിക്കുന്ന ആളും പെണ്‍കുട്ടിയും ആര്യസമാജത്തില്‍ വെച്ചു വിവാഹിതരായതാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ആര്യസമാജത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ലെന്നും ബന്ധപ്പെട്ട അധികൃതരില്‍നിന്നുള്ള ശരിയായ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുമാണ് കോടതി ആവശ്യപ്പെട്ടത്.
ആര്യസമാജത്തിന്റെ സംഘടനയായ മധ്യഭാരത ആര്യ പ്രതിനിധി സഭയ്ക്ക് വിവാഹം നടത്തിക്കൊടുക്കാന്‍ അധികാരമുണ്ടെന്നും ഇത് 1954ലെ സ്‌പെഷ്യല്‍ മാേര്യജ് നിയമത്തിന്റെ വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നതാണെന്ന മധ്യമപ്രദേശ് ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് ഏപ്രില്‍ 14ന് ഉറപ്പു നല്‍കിയ കാര്യവും സുപ്രീംകോടതി അവധിക്കാല ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് അന്ന് നോട്ടിസ് അയക്കുകയും ചെയ്തിരുന്നു. അടുത്തയിടെ ഉത്തര്‍പ്രദേശില്‍ ആര്യ സമാജ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരേ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതിയും നിര്‍ദേശം നല്‍കിയിരുന്നു.
