കൊവിഡ് മൂന്നാം തരംഗം; ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടി അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി അരവിന്ദ് കെജ്രിവാള്‍.ഡല്‍ഹിയില്‍ നാലുപേരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ വൈറസ് വ്യാപനം ഉണ്ടായതായാണ് റിപോര്‍ട്ടുകള്‍. ശൈത്യകാലമായതിനാല്‍ വൈറസ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.
വ്യാപാര സ്ഥലങ്ങള്‍ കോവിഡ് ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ളതിനാല്‍, ജനക്കൂട്ടം കുറയുന്നില്ലെങ്കില്‍ മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി കുറയ്ക്കാനും സംസ്ഥാനം ആലോചിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവാഹങ്ങളില്‍ 200 പേരെ അനുവദിച്ചിരുന്നുവെന്നും എന്നാലിത് 50 ആക്കി കുറയ്ക്കാന്‍ തീരുമാനിച്ചുവെന്നും കെജ്രിവാള്‍ പറഞ്ഞു.
ദീപാവലി ആഘോഷ വേളയില്‍ പലരും മുഖാവരണം ധരിക്കുകയോ ഷോപ്പിംഗ് നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്നും അരവിന്ദ് കെജ്രിവാള്‍ നിരീക്ഷിച്ചു. നേരത്തെ ദേശീയ തലസ്ഥാനത്ത് കോവിഡിന്റെ മൂന്നാംഘട്ട വ്യാപനമാണെങ്കിലും ഡല്‍ഹിയില്‍ വീണ്ടും ലാക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പരാമര്‍ശം.