ഞാനൊരു തീവ്രവാദിയല്ല, രാജ്യത്തിന്റെ പുത്രനാണെന്ന് ജനങ്ങള്‍ പറയുന്നു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെജ്‌രിവാള്‍

Update: 2022-03-10 13:21 GMT

ന്യൂഡല്‍ഹി: ഭീകരവാദിയാണെന്ന എതിരാളികളുടെ ആരോപണത്തിന് മറുപടിയുമായി ആം ആദ്മി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. താന്‍ തീവ്രവാദിയാണെന്ന കുപ്രചരണം പഞ്ചാബിലെ ജനങ്ങള്‍ വിലക്കെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ തകര്‍പ്പന്‍ വിജയത്തോടെ ജനങ്ങള്‍ പറയുന്നു.. കെജ്‌രിവാള്‍ തീവ്രവാദിയല്ല, അദ്ദേഹം രാജ്യത്തിന്റെ പുത്രനാണ്, യഥാര്‍ഥ രാജ്യസ്‌നേഹിയാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തകര്‍ത്ത് ഡല്‍ഹിക്ക് ശേഷം രണ്ടാമിടം സ്വന്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

പഞ്ചാബില്‍ തോറ്റ ഛന്നി, സിദ്ധു, മജീതിയ എന്നിവരെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു തനിക്കെതിരേ നടന്ന ആരോപണങ്ങള്‍ക്ക് നേരേ കെജ്‌രിവാള്‍ ആഞ്ഞടിച്ചത്. വിഘടനവാദി നേതാക്കളുമായി കെജ്‌രിവാളിന് അടുപ്പമുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എതിരാളികള്‍ ആരോപിച്ചത്. തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന എതിരാളികളുടെ ആരോപണം പഞ്ചാബിലെ ജനങ്ങള്‍ വിശ്വസിച്ചില്ല. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അത് തെളിയിച്ചു കഴിഞ്ഞു. ജനങ്ങളെ പലവിധത്തില്‍ ദ്രോഹിക്കുന്ന മറ്റ് പാര്‍ട്ടികളാണ് തീവ്രവാദികളെന്നും അവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും കെജ്‌രിവാള്‍ ആഞ്ഞടിച്ചു.

ആം ആദ്മി പാര്‍ട്ടി ഒരു പാര്‍ട്ടി മാത്രമല്ല, ഇതൊരു വിപ്ലവമാണെന്ന് എഎപി കണ്‍വീനര്‍ പറഞ്ഞു. ഇത് മാറ്റത്തിനുള്ള വിപ്ലവത്തിനുള്ള സമയമാണ്. എല്ലാവരോടും എഎപിയില്‍ ചേരാന്‍ അഭ്യര്‍ഥിക്കുകയാണ്. എഎപി വെറുമൊരു പാര്‍ട്ടിയല്ല. അതൊരു വിപ്ലവത്തിന്റെ പേരാണ്. ആരാണ് എന്നെ ടിവിയില്‍ കാണുന്നത്. എല്ലാ അനീതികളോടും അമര്‍ഷമുള്ളവരാണെങ്കില്‍ നിങ്ങള്‍ എഎപിയില്‍ ചേരൂ. ആദ്യം ഡല്‍ഹിയില്‍ വിപ്ലവമുണ്ടായി, പിന്നെ പഞ്ചാബില്‍, ഇനി അത് രാജ്യത്തേക്ക് വ്യാപിക്കും. പഞ്ചാബിലെ ജനങ്ങള്‍ അത്ഭുതങ്ങള്‍ ചെയ്തു. അംബേദ്കറും ഭഗത് സിങ്ങും കണ്ട സ്വപ്‌നമാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ യാഥാര്‍ഥ്യമാവുന്നത്.

ആം ആദ്മി പാര്‍ട്ടി വളരെ ചെറിയൊരു പാര്‍ട്ടിയായിരുന്നു. എന്നാല്‍, ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതില്‍ ഞങ്ങള്‍ അതിശയത്തിലാണ്. ഈ നേട്ടത്തില്‍ ഞങ്ങള്‍ അഹങ്കരിക്കില്ല. കഴിഞ്ഞ 75 വര്‍ഷമായി ഈ പാര്‍ട്ടികള്‍ ബ്രിട്ടീഷ് വ്യവസ്ഥിതി നിലനിര്‍ത്തി. രാജ്യത്തെ ജനങ്ങളെ ദരിദ്രരുമാക്കി നിലനിര്‍ത്തിയത് സങ്കടകരമാണ്. എഎപി ഈ വ്യവസ്ഥിതി മാറ്റി. ഞങ്ങള്‍ സത്യസന്ധമായ രാഷ്ട്രീയം ആരംഭിച്ചു. എഎപി ഭരണത്തിലെത്തുന്നതോടുകൂടി അടിസ്ഥാന സാഹചര്യങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തും. പഞ്ചാബില്‍ ഇനി ആരും പട്ടിണി കിടക്കേണ്ടിവരില്ല, എല്ലാവര്‍ക്കും തുല്യഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Tags: