ഗോഹത്യ ആരോപിച്ച് യുപിയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് പോലിസിന്റെ ക്രൂരമര്‍ദ്ദനം; രാത്രി മുഴുവന്‍ സ്റ്റേഷനിലിട്ട് തല്ലിച്ചതച്ചു
ആക്രമണത്തിനിരയായ യുവാക്കള്‍ പോലിസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അമ്രോഹ എസ്പിയെ സമീപിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: പശുവിനെ കശാപ്പ് ചെയ്യാന്‍ പോവുകയാണെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ ആറു മുസ്‌ലിം യുവാക്കള്‍ക്ക് പോലിസ് സ്‌റ്റേഷനിലെത്തിച്ച് പോലിസ് രാത്രി മുഴുവന്‍ ക്രൂരമായി തല്ലിച്ചതച്ചതായി പരാതി.കോത്‌വാലി പ്രദേശത്തെ അമ്രോഹ മുറാദാബാദി ഗേറ്റിലെ താമസക്കാരായ വസീം, അര്‍ഷാദ്, ഫൈസാന്‍, അബ്ദുല്‍ ഖാദിര്‍, വസീം അക്രം, ഗുഡ്ഡു എന്നിവരാണ് യോഗി പോലിസിന്റെ ക്രൂരമായ മൂന്നാം മുറയ്ക്ക് വിധേയരായത്.
മാമ്പഴത്തോട്ടത്തിന് കാവല്‍നില്‍ക്കവെ വെള്ളിയാഴ്ച രാത്രി പത്തോടെ മുറാദാബാദി ഗേറ്റ് പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള സന്ദീപ് ചൗധരി, പോലിസുകാരായ സത്യേന്ദ്ര, മനീഷ് തുടങ്ങിയവര്‍ക്കൊപ്പം പൂന്തോട്ടത്തിലെത്തി ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് പോലിസ് വാനില്‍ വച്ചും രാത്രി മുഴുവന്‍ പോലിസ് സ്‌റ്റേഷനില്‍വച്ചും ക്രൂരമായ പീഡിപ്പിക്കുകയായിരുന്നു. തങ്ങളെ മൂന്നാം മറയ്ക്ക് ഇരയാക്കിയതായും ഇരകള്‍ ആരോപിച്ചു. പോലിസുകാര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും അവര്‍ ആരോപിച്ചു.
രാത്രി മുഴുവന്‍ നീണ്ട മര്‍ദ്ദനമുറകള്‍ക്കു ശേഷം രാവിലെയോടെ അവര്‍ നിരപരാധികളാണെന്ന് പറഞ്ഞ് പോലിസുകാര്‍ ഇവരെ മോചിപ്പിക്കുകയായിരുന്നു. തങ്ങളെ കൊന്നു കളഞ്ഞാല്‍ ഏറി വന്നാല്‍ ട്രാന്‍സ്ഫറെ ലഭിക്കൂവെന്ന് മര്‍ദ്ദിക്കുന്നതിനിടെ ഒരു പോലിസുകാര്‍ പറഞ്ഞതായി ഇരകളിലൊരാളായ വസീം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ താടിയില്‍ കുത്തിപ്പിടിച്ച് കാളയെ കശാപ്പ് ചെയ്‌തെന്ന് കുറ്റസമ്മതം നടത്താന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ സന്ദീപും പോലിസുകാരനായ സത്യേന്ദ്രയും സമ്മര്‍ദ്ദം ചെലുത്തിയെന്നും വസീം ആരോപിച്ചു.
ആക്രമണത്തിനിരയായ യുവാക്കള്‍ പോലിസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അമ്രോഹ എസ്പിയെ സമീപിച്ചിട്ടുണ്ട്. ഇരകളെ വൈദ്യപരിശോധന നടത്തുമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എസ്പി ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് അമ്രോഹ പോലീസ് ട്വിറ്ററില്‍ കുറിച്ചു.
