കലോത്സവങ്ങളും കായിക മത്സരങ്ങളും ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കും; പെണ്‍കുട്ടികളുടെ ക്രിക്കറ്റ് മത്സരവും

Update: 2022-08-01 15:44 GMT

തൃശൂര്‍: കൊവിഡ് മൂലം രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന കലോത്സവങ്ങളും കായിക മത്സരങ്ങള്‍ ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് ചേരുന്ന അധ്യാപക സംഘടനകളുടെ യോഗത്തിന് ശേഷം സ്ഥലവും തീയതിയും പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു മന്ത്രി.

ക്രിക്കറ്റ് കളിക്കണമെന്ന ആഗ്രഹത്തിന് മന്ത്രി അനുവാദം നല്‍കിയത് മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ പെണ്‍കുട്ടികളെ ആവേശത്തിലാക്കി. സ്‌കൂള്‍ കായിക മേളയില്‍ പെണ്‍കുട്ടികളുടെ ക്രിക്കറ്റ് മത്സരം ഉള്‍പ്പെടുത്തുമെന്നും ഇതിനുള്ള ഉത്തരവ് ഉടന്‍ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡിനെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് മത്സരം വെട്ടിക്കുറച്ചിരുന്നു. തങ്ങള്‍ക്കും ക്രിക്കറ്റ് കളിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിലെ 15 പെണ്‍ കുട്ടികള്‍ ചേര്‍ന്ന് മന്ത്രിക്ക് നിവേദനം നല്‍കുകയായിരുന്നു.

പ്ലസ് വണ്‍ പ്രവേശനത്തിന് കാത്തിരിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ പഠിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏര്‍പ്പെടുത്തി പഠനം ഉറപ്പാക്കാനായ സംസ്ഥാനമാണ് കേരളം. രാജ്യത്തിന് തന്നെ ഇത് മാതൃകയായതാണെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ പരിസരത്തെ മയക്കുമരുന്ന് വില്‍പ്പന നിരോധിച്ചിട്ടുണ്ടെന്നും പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മിഠായിയുടെ രൂപത്തില്‍ ലഭിക്കുന്ന മയക്കുമരുന്നുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് രക്ഷാകര്‍ത്താക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.

കെ കെ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം ജെനിഷ് പി ജോസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡന്റ്, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.