നാത്‌സി ജര്‍മനിയെ പോലും ലജ്ജിപ്പിക്കുന്ന പാര്‍ലമെന്റ് ശബ്ദകോശം

Update: 2022-07-18 08:11 GMT

-അഡ്വ. പി ഉസ്മാന്‍, ബംഗളൂരു

മനുഷ്യസമൂഹത്തില്‍ വിവിധങ്ങളായ വ്യക്തി വൈഭവങ്ങളുടെ, വ്യത്യസ്ഥങ്ങളായ അഭിരുചികളുടെ അംഗീകാരമാണ് ഒരുവന്റെ സ്വാതന്ത്ര ചിന്തകളെ പരിപോഷിപ്പിക്കുന്ന പ്രധാന ഘടകം. സ്വന്തം അഭിരുചികളുടെ അടിസ്ഥാനത്തിലുള്ള സ്വതന്ത്രമായൊരു ചിന്തയില്‍ നിന്നാണ് മനുഷ്യനില്‍ അഭിപ്രായ രൂപീകരണം സാധ്യമാകുന്നത്. ഈ അഭിപ്രായങ്ങളെ വെട്ടിത്തുറന്ന് പറയുക എന്നതാണ്, ആരോഗ്യകരമായൊരു ജനാധിപത്യ പ്രക്രിയയില്‍, ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരില്‍, നമുക്കെല്ലാവര്‍ക്കും അനുഭവഭേദ്ധ്യമാകുന്നത്. ഈ ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പരിധിയില്‍ വരുന്നതാണ് ക്രിയാത്മകമായ വിമര്‍ശനങ്ങള്‍.

ഏതൊന്നിനെയും വിമര്‍ശനബുദ്ധ്യാ നോക്കിക്കാണുക എന്നത് മനുഷ്യന്റെ നൈസര്‍ഗ്ഗികമായൊരു പ്രത്യാകത മാത്രമല്ല, ഒരു ജനാധിപത്യ സംവിധാനത്തില്‍ സംശുദ്ധമായൊരന്തരീക്ഷം നിലനിറുത്തുവാന്‍ അത്യന്താപേക്ഷിതവുമാണത്. അതേസമയം തന്നെ, അക്ഷേപങ്ങളുന്നയിക്കുവാന്‍ നാം ഉപയോഗിക്കുന്ന സ്വാതന്ത്ര്യം, മറ്റുള്ളവര്‍ക്കെതിരേ, അധിക്ഷേപങ്ങളായി മാറരുതെന്ന സദുദ്ദ്യേശത്തോടെയുള്ള നിയമനിര്‍മ്മാണങ്ങളാവാം. പക്ഷേ, അതൊരിക്കലും തന്നെ ഒരു പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മൂക്കുകയറിടുന്ന തരത്തിലാകരുതെന്നത്, ജനാധിപത്യ മര്യാദകളില്‍ വിശ്വസിക്കുന്നവരെല്ലാവരും മനസ്സിലാക്കേണ്ടതുമാണ്. അതുകൊണ്ട് തന്നെയാണ്, നിയമനിര്‍മ്മാണ സഭകളില്‍ ഉപയോഗിക്കപ്പെടുന്ന, അത്തരം ശബ്ദകോലാഹലങ്ങളുടെ പേരില്‍ സഭക്ക് പുറത്ത് വ്യവഹാരങ്ങള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തിയത്. സഭകളില്‍ സഭ്യമായ ഭാഷ മാത്രമേ ഉപയോഗിക്കാവൂ എന്നും അസഭ്യമായ പദപ്രയോഗങ്ങള്‍ സഭാനടപടികളില്‍ നിന്ന് നീക്കം ചെയ്യുവാന്‍, സഭാധ്യക്ഷന് അധികാരമുണ്ടായിരിക്കെ തന്നെ, ഇന്ത്യയിലെ നിയമനിര്‍മാണ സഭകളില്‍ ഏറ്റവും ഉന്നതമായ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉപയോഗിക്കുവാന്‍ പാടില്ലയെന്ന തരത്തില്‍ ഒരു ശബ്ദകോശം രൂപീകരിക്കുവാന്‍ ലോകസഭാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്, പര്‍ലമെന്ററി ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കലാണ് എന്ന് മാത്രമെ പറയുവാന്‍ കഴിയുകയുള്ളു. ലോകസഭയില്‍ ഇനി മുതല്‍ 'അഴിമതി' യെന്ന പദം ഉപയോഗിക്കുവാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ 'ലജ്ജാകര' മായി എന്താണുള്ളത്? ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, 'ലജ്ജാകര'മെന്ന പദവും നിരോധിക്കപ്പെട്ട പദപ്രയോഗങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ് എന്നതാണ് രസകരം. ഇന്ത്യന്‍ ഭരണഘടനയുടെ 19ാ ാംഖണ്ഡികയുടെ നഗ്‌നമായ ലംഘനം, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈറ്റില്ലമായ പാര്‍ലമെന്റില്‍ നിന്ന് തന്നെ തുടങ്ങുമ്പോള്‍, 'ഇത് ഹിറ്റ്‌ലറുടെ ജര്‍മനിയല്ല' എന്ന് ഭരണവര്‍ഗത്തെ ഓര്‍മ്മപ്പെടുത്തുന്നതിനേക്കാള്‍ ആപ്തമായത് നാസ്തികളുടെ ജര്‍മനി പോലും ഇത് കണ്ട് നാണിച്ചു പോകും എന്ന് പറയുന്നതാണ്. നിസ്സംശയം!ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഇനിയെത്ര വിരോധാഭാസങ്ങള്‍ക്ക് നാം സാക്ഷ്യം വഹിക്കേണ്ടതായി വരുമെന്ന സംശയം മാത്രമാണ് ബാക്കിയുള്ളത്. 'നാണമില്ലാത്തവന്റെ ആസനത്തില്‍ ആല്‍മരം മുളച്ചാലും, അതവന്ന് തണല്‍ തന്നെ' എന്നല്ലാതെയെന്ത് പറയാന്‍..!!