കശ്മീര്‍: ഇന്ത്യയുടെ തീരുമാനം അംഗീകരിക്കില്ല; തടയാന്‍ സാധ്യമായ വഴി തേടുമെന്നും പാകിസ്താന്‍
യുഎന്‍ രക്ഷാ സമിതി (യുഎന്‍എസ്‌സി) പ്രമേയങ്ങളില്‍ തര്‍ക്ക പദവിയുള്ള പ്രദേശമാണ് കാശ്മീര്‍. ഏകപക്ഷീയമായി ഇന്ത്യ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ഇതു മാറ്റാനാവില്ല. ഇന്ത്യയുടെ നിയമവിരുദ്ധ നീക്കത്തിനെതിരേ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കശ്മീരികള്‍ക്കൊപ്പം നില്‍ക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
ഇസ്‌ലാമാബാദ്: കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പാകിസ്താന്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കം തള്ളിക്കളയുന്നതായും ഇതിനെതിരേ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎന്‍ രക്ഷാ സമിതി (യുഎന്‍എസ്‌സി) പ്രമേയങ്ങളില്‍ തര്‍ക്ക പദവിയുള്ള പ്രദേശമാണ് കാശ്മീര്‍. ഏകപക്ഷീയമായി ഇന്ത്യ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ഇതു മാറ്റാനാവില്ല. ഇന്ത്യയുടെ നിയമവിരുദ്ധ നീക്കത്തിനെതിരേ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കശ്മീരികള്‍ക്കൊപ്പം നില്‍ക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
ഇപ്പോഴത്തെ നടപടി നിയമ വിരുദ്ധമാണ്. ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനം ജമ്മു കാശ്മീരിലെയും പാകിസ്താനിലെയും ജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഇന്ത്യയുടെ തീരുമാനം ചര്‍ച്ച ചെയ്യുന്നതിനായി പാക് പാര്‍ലമെന്റിന്റെ ഇരുസഭകളും നാളെ യോഗം ചേരും.
ഇന്ത്യ എടുക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളെ അപലപിക്കുന്നുവെന്ന് ഞായറാഴ്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. കശ്മീരില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ച പശ്ചാത്തലത്തിലായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന. അന്താരാഷ്ട്ര സമൂഹം ഇന്ത്യയുടെ നടപടികള്‍ക്കെതിരേ രംഗത്തുവരണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.
ഇന്ത്യ നടത്തിയ നീക്കം യുഎന്‍ രക്ഷാസമിതി പാസാക്കിയ പ്രമേയത്തിന് എതിരാണെന്ന് പാക് പ്രസിഡന്റ് ആരിഫ് ആല്‍വി പറഞ്ഞു. കശ്മീരികളുടെ താല്‍പ്പര്യത്തിന് എതിരായ തീരുമാനമാണിത്. കശ്മീരികളുടെ താല്‍പ്പര്യത്തിനൊപ്പം പാകിസ്താന്‍ നില്‍ക്കും. സമാധാനപരമായ പരിഹാരമാണ് കശ്മീരില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നീക്കം അംഗീകരിക്കില്ലെന്നും യുഎന്നിനെതിരായ പ്രവര്‍ത്തനമാണിതെന്നും പാകിസ്താന്‍ മുസ്‌ലിം ലീഗ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ഷെഹ്ബാസ് ശരീഫ് പറഞ്ഞു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ സംയുക്ത പാര്‍ലമെന്റ് യോഗം വിളിക്കണമെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി ആവശ്യപ്പെട്ടു.

