പാര്‍ക്കിന്‍സണ്‍ രോഗം: വെള്ളം കുടിക്കാന്‍ സ്‌ട്രോ അനുവദിക്കണമെന്ന് സ്റ്റാന്‍ സ്വാമി; പ്രതികരണത്തിന് എൻഐഎ 20 ദിവസം ആവശ്യപ്പെട്ടു
പാര്‍ക്കിന്‍സണ്‍ രോഗം കാരണം കൈവിറയ്ക്കുന്നതിനാല്‍ ഗ്ലാസുകള്‍ പിടിക്കാന്‍ പോലും തനിക്ക് പറ്റുന്നില്ലെന്ന് അദ്ദേഹം ഹരജിയില്‍ പറഞ്ഞു.
മുംബൈ: പാര്‍ക്കിന്‍സണ്‍ രോഗം സ്ഥിരീകരിച്ചതിനാല്‍ കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ക്കപ്പും വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സ്റ്റാന്‍ സ്വാമി. മുംബൈ എൻഐഎ പ്രത്യേക കോടതിയിലാണ് വെള്ളം കുടിക്കുമ്പോള്‍ സ്‌ട്രോയും സിപ്പര്‍ കപ്പും ഉപയോഗിക്കാനുള്ള അനുമതി ചോദിച്ച് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത് ഒക്ടോബര്‍ എട്ടിനാണ്. വിഷയത്തിൽ എൻഐഎയോട് കോടതി പ്രതികരണമാരാഞ്ഞെങ്കിലും നിലപാടെടുക്കാൻ 20 ദിവസം സമയം വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടു. സ്റ്റാന്‍ സ്വാമിയുടെ ആവശ്യം കോടതി നവംബര്‍ 26ന് പരിഗണിക്കും. നിലവില്‍ തലോജ സെന്‍ട്രല്‍ ജയിലിലാണ് 83 കാരനായി സ്റ്റാന്‍ സ്വാമി തടവിൽ കഴിയുന്നത്.
പാര്‍ക്കിന്‍സണ്‍ രോഗം കാരണം കൈവിറയ്ക്കുന്നതിനാല്‍ ഗ്ലാസുകള്‍ പിടിക്കാന്‍ പോലും തനിക്ക് പറ്റുന്നില്ലെന്ന് അദ്ദേഹം ഹരജിയില്‍ പറഞ്ഞു. ഭീമ കൊറേഗാവ് കേസില്‍ വാറന്റ് ഇല്ലാതെയായിരുന്നു എന്‍ഐഎ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018ലും ഇദ്ദേഹത്തിന്റെ വീട് എന്‍ഐഎ റെയ്ഡ് ചെയ്തിരുന്നു.
ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ആളാണ് അദ്ദേഹം. എന്‍ഐഎ ഉദ്യോഗസ്ഥര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ആരോഗ്യ കാരണങ്ങളാൽ സമർപ്പിച്ച സ്വാമിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ മാസം പ്രത്യേക എൻഐഎ കോടതി നിരസിച്ചിരുന്നു.
