'ബ്രിജ്ഭൂഷനെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍...'; കേന്ദ്രത്തിന് അന്ത്യശാസനവുമായി കര്‍ഷക നേതാക്കള്‍

Update: 2023-06-02 13:15 GMT

ന്യൂഡല്‍ഹി: റസ് ലിങ് ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പോരാട്ടത്തില്‍ ഗുസ്തി താരങ്ങളെ പിന്തുണയ്ക്കുന്ന കര്‍ഷക നേതാക്കള്‍ കേന്ദ്രത്തിന് പുതിയ അന്ത്യശാസനം നല്‍കി. 'ബ്രിജ്ഭൂഷനെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ വന്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്. 'ഗുസ്തിക്കാരുടെ പരാതികള്‍ സര്‍ക്കാര്‍ പരിഹരിക്കണം. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണം. അല്ലാത്തപക്ഷം, ജൂണ്‍ 9ന് ഞങ്ങള്‍ ഗുസ്തിക്കാര്‍ക്കൊപ്പം ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പോയി പ്രതിഷേധിക്കും. രാജ്യത്തുടനീളം പഞ്ചായത്തുകള്‍ നടത്തുമെന്നും കര്‍ഷക നേതാവ് രാകേഷ് ടികായിത് പറഞ്ഞു. ഗുസ്തി താരങ്ങള്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുകയും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അറസ്റ്റ് നടക്കുകയും വേണമെന്നും ടികായത്ത് പറഞ്ഞു.

    ബിജെപി എംപിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ ലൈംഗികപീഡനവും ഭീഷണിപ്പെടുത്തലും തുടങ്ങിയ ആരോപണങ്ങളാണുള്ളത്. അത്‌ലറ്റുകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) തലവന്‍ എന്ന പദവി ദുരുപയോഗം ചെയ്‌തെന്നും ഗുസ്തി താരങ്ങള്‍ ആരോപിച്ചു.ഉത്തര്‍പ്രദേശില്‍ ഖാപ് മഹാപഞ്ചായത്ത് നടത്തിയ കര്‍ഷക സംഘങ്ങള്‍ ഗുസ്തി താരങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബിലും ഹരിയാനയിലും ഇന്നലെ പ്രതിഷേധ പരമ്പരകളും നടത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ശേഷം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച ഗുസ്തി താരങ്ങളെ ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്തിരുന്നു.

    ഒളിംപിക്‌സ്, ലോക ചാംപ്യന്‍മാരായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രങ് പുനിയ, സംഗീത ഫോഗട്ട് എന്നിവരാണ് ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, ബിജെപി എംപിയുടെ അറസ്റ്റില്‍ കുറഞ്ഞതൊന്നും അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ വാദം. ഇതിനിടെ പ്രതിഷേധ സൂചകമായി തങ്ങള്‍ക്കു ലഭിച്ച മെഡലുകള്‍ ഗംഗയില്‍ വലിച്ചെറിയുമെന്ന് പ്രഖ്യാപിച്ച് ഗുസ്തി താരങ്ങള്‍ ചൊവ്വാഴ്ച ഹരിദ്വാറിലെത്തിയിരുന്നു. തുടര്‍ന്നാണ്, ഇത്തരത്തില്‍ ചെയ്യരുതെന്നു പറഞ്ഞ് ഖാപ്പും കര്‍ഷക നേതാക്കളും അവരെ പിന്തിരിപ്പിച്ചത്. ആശങ്കകള്‍ പരിഹരിക്കാന്‍ നേതാക്കള്‍ അഞ്ച് ദിവസത്തെ സമയവും തേടിയിരുന്നു.

Tags:    

Similar News