ബിനീഷ് കോടിയേരിയുടെ അറസ്റ്റ്: എകെജി സെന്ററിനു പോലിസ് സുരക്ഷ

Update: 2020-10-29 19:50 GMT

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്‌റ് അറസ്റ്റ് ചെയ്തതിനു പിന്നാലെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസിനു കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി. തിരുവനന്തപുരത്തെ എകെജി സെന്ററിനാണ് പോലിസ് സുരക്ഷ വര്‍ധിപ്പിച്ചത്. ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെതിരേ വിവിധ സംഘടനകള്‍ എകെജി സെന്ററിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്ന പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.

    ഡിസിപി ദിവ്യാ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രദേശത്ത് കൂട്ടംകൂടി നില്‍ക്കുന്നവരെ പോലിസ് ഒഴിപ്പിച്ചു. എകെജി സെന്ററിനു അല്‍പം അകലെയാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപത്തെ ഇടവഴികളിലും പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. സാധാരണയായി സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് പ്രതിഷേധങ്ങളുണ്ടാവാറില്ല. എന്നാല്‍, സംസ്ഥാന സെക്രട്ടറിയുടെ മകനെ തന്നെ സുപ്രധാന കേസില്‍ അറസ്റ്റ് ചെയ്തതോടെ ആസ്ഥാനത്തേക്കു പ്രതിഷേധമുണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. വൈകീട്ടോടെ എകെജി സെന്റര്‍ പരിസരത്ത് വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

Arrest of Bineesh Kodiyeri: Police security for AKG Center




Tags:    

Similar News