വംശഹത്യാ ആക്രോശത്തിന് ന്യായീകരണവുമായി ഹിന്ദുത്വ നേതാക്കള്‍; മുസ് ലിം നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു

Update: 2022-01-23 02:58 GMT

ന്യൂഡല്‍ഹി: ഹരിദ്വാറിലെയും ഡല്‍ഹിയിലെയും ഹിന്ദുത്വ സന്യാസി സമ്മേളനങ്ങളിലെ മുസ് ലിം വിരുദ്ധ വംശഹത്യാ ആക്രോശങ്ങള്‍ വിവാദമായിരിക്കെ പ്രതിരോധ തന്ത്രവുമായി ഹിന്ദുത്വ സംഘടനകള്‍. വംശഹത്യ ആഹ്വാനത്തിനെതിരായ കേസില്‍ തങ്ങളേയും സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന അധ്യക്ഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയെയും വാരിസ് പത്താനെപ്പോലുള്ള മറ്റ് മുസ്‌ലിം നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും ഹിന്ദുത്വ സംഘടനാ നേതാക്കള്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

ധരം സന്‍സദിലെ മതനേതാക്കളുടെ പ്രസ്താവനകള്‍ അഹിന്ദുക്കളുടെ ഹിന്ദു സംസ്‌കാരത്തിന് നേരെയുള്ള ആക്രമണങ്ങളോടുള്ള പ്രതികരണമായിരുന്നെന്നും അവയെ 'വിദ്വേഷ പ്രസംഗം' എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും അപ്പീലില്‍ പറഞ്ഞു.

വംശഹത്യാ ആഹ്വാനത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ അതിനെ വര്‍ഗീയമായി പ്രതിരോധിക്കാനും ഹിന്ദുത്വ നേതാക്കള്‍ ശ്രമിച്ചു. 'ഹിന്ദുക്കളുടെ ആത്മീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു... ഹര്‍ജിക്കാരന്‍ മുസ് ലിം സമുദായത്തില്‍ പെട്ടയാളാണ്, കൂടാതെ ഹിന്ദു ധര്‍മ്മ സന്‍സദുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കോ, പ്രവര്‍ത്തനങ്ങള്‍ക്കോ എതിരേ എതിര്‍പ്പ് ഉന്നയിക്കാന്‍ പാടില്ല'. അപ്പീലില്‍ ഹരജിക്കാരന്‍ വാദിച്ചു.

ഹരിദ്വാറിലെയും ഡല്‍ഹിയിലെയും വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ കുര്‍ബാന്‍ അലിയും പട്‌ന ഹൈക്കോടതിയിലെ മുന്‍ ജഡ്ജി അഞ്ജന പ്രകാശും അപ്പീല്‍ നല്‍കിയിരുന്നു. വിദ്വേഷ നീക്കത്തിനെതിരേ ആക്ടിവിസ്റ്റുകളും സിവില്‍ സമൂഹവും അപലപിച്ചു.

എന്നാല്‍, മാധ്യമ പ്രവര്‍ത്തകന്‍ കുര്‍ബാന്‍ അലിയുടെ ഹരജി ചൂണ്ടിക്കാട്ടിയാണ് ഹിന്ദുത്വരുടെ പ്രചാരണം.

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി സമ്മതിച്ച സാഹചര്യത്തില്‍ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും പരിശോധിക്കണമെന്ന് മറ്റൊരു സംഘടനയായ ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് വാദിച്ചു.

ഇന്ത്യന്‍ മുസ് ലിംകളെ വംശഹത്യ ചെയ്യണമെന്ന പരസ്യമായ ആഹ്വാനത്തിനെതിരേ സായുധ സേനയിലെ അഞ്ച് മുന്‍ മേധാവികളും ബ്യൂറോക്രാറ്റുകളും പ്രമുഖ പൗരന്മാരും ഉള്‍പ്പെടെ നൂറിലധികം ആളുകളും രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതി. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷിതത്വവും നിലനിര്‍ത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ജനുവരി 12 ന് ഹരജി പരിഗണിച്ച സുപ്രീംകോടതി കേന്ദ്രത്തിനും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ഡല്‍ഹി പോലിസിനും നോട്ടീസ് അയച്ചിരുന്നു.

തൊട്ടുപിന്നാലെ, കേസുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പോലിസ് വിദ്വേഷ പ്രചാരകന്‍ യതി നരസിംഹാനന്ദിനെയും ജിതേന്ദ്ര നാരായണ്‍ ത്യാഗിയെയും (വസിം റിസ് വി)അറസ്റ്റ് ചെയ്തു. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Tags:    

Similar News