ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് അര്‍മേനിയയും; അംബാസഡറെ ശാസിച്ച് ഇസ്രായേല്‍

Update: 2024-06-21 13:21 GMT

യെരവന്‍: സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളുടെ ചുവടുപിടിച്ച് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് അര്‍മേനിയ. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയാണ് നടത്തിയത്. ഇതിനു പിന്നാലെ പ്രകോപിതരായ ഇസ്രായേല്‍ ഭരണകൂടം അര്‍മേനിയന്‍ അംബാസഡര്‍ അര്‍മാന്‍ ഹക്കോബിയാനെ വിളിച്ചുവരുത്തി കഠിനമായി ശാസിച്ചു. ഗസയിലെ വിനാശകരമായ മാനുഷിക സാഹചര്യത്തിലും നിലവിലുള്ള സൈനിക നടപടികളിലും ആശങ്ക പ്രകടിപ്പിച്ചക്കുകയും സിവിലിയന്‍മാര്‍ക്കെതിരായ അക്രമത്തെ തള്ളിക്കളഞ്ഞുമാണ് അര്‍മേനിയന്‍ വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

    അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ജനങ്ങളുടെ സമത്വം, പരമാധികാരം, സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവയുടെ തത്വങ്ങളും മുന്‍നിര്‍ത്തിയാണ് അര്‍മേനിയ റിപ്പബ്ലിക് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

    ഫലസ്തീന്‍ പ്രശ്‌നത്തിന്റെ 'സമാധാനപരവും സമഗ്രവുമായ' പരിഹാരത്തിന് 1967 ലെ അതിര്‍ത്തികളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഫലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഉറപ്പാക്കാനുള്ള ഒരേയൊരു മാര്‍ഗമാണിതെന്നും ചൂണ്ടിക്കാട്ടി. ഇതോടെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതില്‍ സ്ലൊവേനിയ, സ്‌പെയിന്‍, നോര്‍വേ, അയര്‍ലന്‍ഡ് എന്നിവയ്‌ക്കൊപ്പം അര്‍മേനിയയും ചേര്‍ന്നു. ഇതോടെ റഷ്യയും ചൈനയും ഉള്‍പ്പെടെ ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ 145 രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചു. എന്നാല്‍ അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ പ്രധാന പാശ്ചാത്യ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം പ്രഖ്യാപിച്ചിട്ടില്ല. നഗോര്‍ണോ-കറാബാഖ് മേഖലയെച്ചൊല്ലി ഇസ്രായേല്‍ പിന്തുണയുള്ള അസര്‍ബൈജാനുമായി അര്‍മേനിയ കുറച്ചുകാലമായി തര്‍ക്കത്തിലാണ്.

Tags: