നാഗൊര്‍നോ -കറാബാക്കില്‍ വെടിനിര്‍ത്തലിന് അര്‍മേനിയ, അസര്‍ബൈജാന്‍ ധാരണ

തടവുകാരെ കൈമാറാനും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും ഉദ്ദേശിച്ചാണ് വെടിനിര്‍ത്തല്‍ ധാരണയെന്ന് ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്രജ്ഞര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Update: 2020-10-10 09:18 GMT

മോസ്‌കോ: നാഗോര്‍നോ കരാബാക്കില്‍ വെടിനിര്‍ത്തലിന് അര്‍മേനിയ, അസര്‍ബൈജാന്‍ ധാരണ. തടവുകാരെ കൈമാറാനും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും ഉദ്ദേശിച്ചാണ് വെടിനിര്‍ത്തല്‍ ധാരണയെന്ന് ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്രജ്ഞര്‍ പ്രസ്താവനയില്‍ അറിയിച്ചു. കൃത്യമായ വിശദാംശങ്ങളില്‍ പിന്നീട് ധാരണയിലെത്തുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് പ്രാബല്യത്തില്‍ വരാനിരിക്കുന്ന വെടിനിര്‍ത്തല്‍ എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. ശനിയാഴ്ച രാവിലെ തുടര്‍ച്ചയായ ഏറ്റുമുട്ടലുകളെക്കുറിച്ച് ഇരുവശത്തുനിന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അസര്‍ബൈജാന്റെ ഭാഗമായി അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതും എന്നാല്‍ അര്‍മേനിയക്കാര്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ളതുമായ പര്‍വ്വതമേഖലയാണിത്.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന്റെ മധ്യസ്ഥതയില്‍ മാസ്‌കോയില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മില്‍ 10 മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയിലെത്തിയത്. വെടിനിര്‍ത്തല്‍ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന് ലാവ്‌റോവ് പറഞ്ഞു. അസര്‍ബൈജാനിലെ തര്‍ക്ക പ്രദേശത്ത് അര്‍മീനിയന്‍ വിഘടനവാദികളും അസര്‍ബൈജാന്‍ സൈന്യവും തമ്മില്‍ സപ്തംബര്‍ 27നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 1994ല്‍ ഇരുരാജ്യവും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടെങ്കിലും അത് ലംഘിക്കപ്പെടുകയായിരുന്നു.

നാഗൊര്‍നോ -കറാബാക്കിനെ ചൊല്ലി പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടത്തിലെ ഏറ്റവും ഒടുവിലത്തേതാണിത്. ഏറ്റുമുട്ടലില്‍ ഇരു ഭാഗത്തുമായി സിവിലിയന്‍മാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അസര്‍ബൈജാന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന നാഗൊര്‍നോ -കറാബാക്ക് മേഖല 1994ലെ വിഘടനവാദ യുദ്ധത്തെതുടര്‍ന്ന് അര്‍മേനിയയുടെ പിന്തുണയുള്ള അര്‍മേനിയന്‍ വംശജരുടെ നിയന്ത്രണത്തിലാണ്. റഷ്യയുടെ മധ്യസ്ഥതയില്‍ നഗോര്‍ണോകാരബാഖ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ചര്‍ച്ചയ്ക്ക് അര്‍മീനിയയും അസര്‍ബയ്ജാനും സമ്മതിച്ചതായി കഴിഞ്ഞ ദിവസം റഷ്യന്‍ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു.

Tags:    

Similar News