മെക്‌സിക്കോയിലെ ജയിലില്‍ വെടിവയ്പ്പ്; 14 പേര്‍ കൊല്ലപ്പെട്ടു, 24 തടവുകാര്‍ ചാടിപ്പോയി

Update: 2023-01-02 03:42 GMT

സിയുഡാഡ് ജുവാരസ്: വടക്കന്‍ മെക്‌സിക്കന്‍ നഗരമായ സിയുഡാഡ് ജുവാരസിലുണ്ടായ വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 10 സുരക്ഷാഗാര്‍ഡുകളും നാല് സുരക്ഷാ ഏജന്റുമാരുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ 13 തടവുകാര്‍ക്ക് പരിക്കേറ്റു. 24 തടവുകാര്‍ ജയിലില്‍ നിന്ന് ചാടിപ്പോയി. സിയുഡാഡ് ജുവാരസിലെ സെന്‍ട്രല്‍ ജയിലില്‍ മെക്‌സിക്കന്‍ സമയം ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു ആക്രമണം. തോക്കുമായി ജയിലില്‍ കടന്നവരാണ് വെടിയുതിര്‍ത്തതെന്നാണ് റിപോര്‍ട്ട്. തടവുകാരെ കാണാന്‍ പുറത്തുനിന്നെത്തിയവരുടെ കൂട്ടത്തില്‍ നുഴഞ്ഞുകയറിയ സംഘമാണ് ആക്രമണം നടത്തിയത്.

ജയിലിലെ അക്രമത്തിനു മുമ്പ് ബൊളിവാര്‍ഡിന് സമീപം മുനിസിപ്പല്‍ പോലിസിന് നേരെയും വെടിയുതിര്‍ത്തിരുന്നു. ഇവരെ പിന്തുടര്‍ന്ന പോലിസ് ഒരു വാഹനവും നാലുപേരെയും പിടികൂടി. പിന്നീട് ഹമ്മറിലെത്തിയ ആക്രമികള്‍ ജയിലില്‍ വെടിവയ്പ്പ് നടത്തുകയായിരുന്നു. സുരക്ഷാകവചിത വാഹനങ്ങളില്‍ ജയിലില്‍ കടന്ന ആയുധധാരികള്‍ പോലിസുകാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. മെക്‌സിക്കന്‍ പട്ടാളക്കാരും സംസ്ഥാന പോലിസും പിന്നീട് ജയിലിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. ക്രിമിനല്‍, ലഹരിമരുന്ന് കേസ് പ്രതികളെ പാര്‍പ്പിച്ചിരുന്ന പ്രത്യേക സെല്ലിലെ സംഘര്‍ഷമാണ് തുടക്കം. ഇതില്‍ 13 പേര്‍ക്ക് പരുക്കേറ്റിരുന്നു.

സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ തടവുകാരാണോ പുറത്തുനിന്നുവന്ന അക്രമികളാണോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫിസ് അറിയിച്ചു. രക്ഷപ്പെട്ട തടവുകാരെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ടെക്‌സാസിലെ എല്‍ പാസോയില്‍നിന്ന് അതിര്‍ത്തിക്കപ്പുറത്തുള്ള നഗരത്തിലെ പ്രോസിക്യൂട്ടര്‍മാര്‍ ആക്രമണത്തിന്റെ ഉദ്ദേശം അന്വേഷിച്ചുവരികയാണെന്ന് പറഞ്ഞു.

Tags:    

Similar News