ശമ്പളം പിടിക്കല്‍: ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിന്റെ 25 ശതമാനം വരെ പിടക്കാമെന്നുള്ള വ്യവസ്ഥയാണ് ഓര്‍ഡിനന്‍സ്.

Update: 2020-04-30 06:57 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുളള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. കൂടാതെ തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും അംഗീകാരം നല്‍കി. ആറു ദിവസ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീല്‍ പോയാല്‍ നടപടി വൈകും എന്നുള്ളത് കൊണ്ടാണ് സംസ്ഥാനം തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഡിസാസ്റ്റര്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് എമ്ര്ജന്‍സീസ് സ്‌പെഷ്യല്‍ പ്രൊവിഷന്‍ എന്ന പേരിലാണ് ഓര്‍ഡിനന്‍സ്. ഇന്നലെ രാത്രിയാണ് ഓര്‍ഡിനന്‍സ് മുഖ്യമന്ത്രിയുടെ ഓഫിസ് ഗവര്‍ണര്‍ക്ക് കൈമാറിയത് .

ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിന്റെ 25 ശതമാനം വരെ പിടക്കാമെന്നുള്ള വ്യവസ്ഥയാണ് ഓര്‍ഡിനന്‍സ്. 25% വരെ എന്ന വ്യവസ്ഥയുണ്ടെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം ആറു ദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് എന്ന് കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സില്‍ ഉണ്ട്. അതേ സമയം ശമ്പളം അവകാശമാണെന്ന ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷ  സര്‍വീസ് സംഘടനകള്‍ വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം മെയ് 4 മുതല്‍ ആരംഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.




Tags: