നിങ്ങള്‍ ആദിത്യനാഥോ, അതോ ബുള്‍ഡോസര്‍ നാഥോ.. ? യോഗിയെ കടന്നാക്രമിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

Update: 2021-11-01 09:02 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ആഞ്ഞടിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. യുപി സര്‍ക്കാര്‍ പാവപ്പെട്ടവരുടെ വീടുകള്‍ ഇടിച്ചുനിരത്താന്‍ തുടങ്ങിയതുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇനി 'ബുള്‍ഡോസര്‍ നാഥ്' എന്ന് വിളക്കണോയെന്ന് ഭൂപേഷ് ബാഗല്‍ ചോദിച്ചു. നാഥ് സമുദായത്തിനിടയില്‍ ദരിദ്രരെയും കര്‍ഷകരെയും തൊഴിലാളികളെയും കെട്ടിപ്പിടിക്കുന്ന ഒരു പാരമ്പര്യമുണ്ട്. പക്ഷേ, യോഗി ഭരണകൂടം അവരുടെ വീടുകളിലേക്ക് ബുള്‍ഡോസര്‍ ഇടിച്ചുകയറ്റുകയാണ്. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത്. നിങ്ങള്‍ യോഗി ആദിത്യനാഥാണോ, അതോ ബുള്‍ഡോസര്‍ നാഥാണോ?- യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്രതിജ്ഞാ റാലിയില്‍ ഭൂപേഷ് ബാഗല്‍ തുറന്നടിച്ചു.

ഉത്തര്‍പ്രദേശിലെ അനധികൃത നിര്‍മാണങ്ങള്‍ തുടച്ചുനീക്കുമെന്ന യോഗി സര്‍ക്കാരിന്റെ പ്രഖ്യാപനം സാധാരണക്കാരനെയും ദരിദ്രനെയും ലക്ഷ്യംവച്ചുള്ളതാണ്. അടുത്തവര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകക്ഷിയായ ബിജെപിയെ തുടച്ചുനീക്കുമെന്നും ബാഗല്‍ പറഞ്ഞു. 'നമ്മുടെ പെണ്‍മക്കള്‍ തറ തൂത്തുവാരുക മാത്രമല്ല, ആവശ്യം വരുമ്പോള്‍ ലക്ഷ്മി ബായിയും ദുര്‍ഗയുമായി മാറുന്നു. രാജ്യത്തിന് വേണ്ടി സ്വയം ബലിയര്‍പ്പിക്കേണ്ട ആവശ്യം വരുമ്പോള്‍ അവര്‍ ഇന്ദിരാഗാന്ധിയായി മാറുന്നു. യോഗി ആദിത്യനാഥിനോട് അവര്‍ ബിജെപിയെ തുടച്ചുനീക്കുമെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു.

പൂര്‍വാഞ്ചലില്‍നിന്ന് മുഴുവന്‍ യുപിയില്‍നിന്നും- ബാഗേല്‍ പറഞ്ഞു. സോനാഭദ്ര, ഉന്നാവോ, ഹാഥ്‌റസ്, ലഖിംപൂര്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പോരാടുകയായിരുന്നെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞു. അവരെ വീട്ടുതടങ്കലിലാക്കിയപ്പോള്‍ മുറി വൃത്തിഹീനമായിരുന്നു, അവര്‍ ചൂലുകൊണ്ട് നിലം വൃത്തിയാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികളില്‍ ഉത്തര്‍പ്രദേശിലെ കര്‍ഷകരില്‍ മതിപ്പുളവാക്കുന്നുണ്ടെന്നും അത്തരം പദ്ധതികള്‍ തങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും ബാഗേല്‍ അവകാശപ്പെട്ടു.

Tags:    

Similar News