അടുത്ത അറയ്ക്കല്‍ സുല്‍ത്താനായായി ആദി രാജ മറിയുമ്മ ബുധനാഴ്ച സ്ഥാനമേല്‍ക്കും

കണ്ണൂര്‍ സിറ്റി അറക്കല്‍ കെട്ടിനകത്ത് ബീവിയുടെ സ്വവസതിയായ 'അല്‍മാര്‍ മഹലില്‍' വെച്ചാണ് അറക്കല്‍ രാജകീയ പാരമ്പര്യമനുസരിച്ചുള്ള സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക.

Update: 2019-05-06 14:40 GMT

കണ്ണൂര്‍ സിറ്റി: അറക്കല്‍ രാജ കുടുംബത്തിന്റെ 40ാംമത് അധികാരിയായി സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി ബുധനാഴ്ച്ച വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. അറക്കല്‍ രാജ കുടുംബത്തിന്റെ 39ാംമത് സ്ഥാനി ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഇത്.

കണ്ണൂര്‍ സിറ്റി അറക്കല്‍ കെട്ടിനകത്ത് ബീവിയുടെ സ്വവസതിയായ 'അല്‍മാര്‍ മഹലില്‍' വെച്ചാണ് അറക്കല്‍ രാജകീയ പാരമ്പര്യമനുസരിച്ചുള്ള സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക.

മദ്രാസ് പോര്‍ട്ട് അഡ്മിനിട്രേറ്റിവ് ഓഫിസറായി വിരമിച്ച മര്‍ഹൂം എ പി ആലിപ്പിയാണ് ഭര്‍ത്താവ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുല്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്.

അറക്കല്‍ രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ ആദിരാജ അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷത വഹിക്കും.

സ്ഥാനിയായിരുന്ന മര്‍ഹൂം ഫാത്തിമ മുത്ത് ബീവിയുടെ മകള്‍ ഖദീജ സോഫിയ ആദിരാജ, ബീവിയുടെ പ്രതിനിധിയായി കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഉള്‍പ്പെടെയുള്ള പൈതൃക സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം വഹിച്ച പൗത്രന്‍ ആദിരാജ ഇംത്യാസ് അഹമ്മദ്, അറക്കല്‍ മ്യൂസിയം ചെയര്‍മാന്‍ ആദിരാജ മുഹമ്മദ് റാഫി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ലളിതമായ ഇഫ്താര്‍ വിരുന്നോടെ സ്ഥാനാരോഹണ പരിപാടികള്‍ സമാപിക്കും

ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തോടെ രാജകീയ അധികാരങ്ങള്‍ നഷ്ടമായെങ്കിലും കഴിഞ്ഞ 14 നൂറ്റാണ്ടായി കണ്ണൂര്‍, ലക്ഷദ്വീപ്, മാലിദ്വീപ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആത്മീയ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് അധികാരവും നേതൃത്വവും നല്‍കിയ പ്രൗഢമായ പാരമ്പര്യമുള്ള അറക്കല്‍ രാജ കുടുംബത്തിന് പോര്‍ച്ചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ട രംഗത്ത് ഐതിഹാസികമായ അടയാളപ്പെടുത്തലുകളാണ് ഉള്ളത്. അറക്കല്‍ രാജ കുടുംബത്തെ കുറിച്ചും കണ്ണൂര്‍ സിറ്റിയുടെ പൈതൃകത്തെ കുറിച്ചും ഗവേഷണ പഠനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള വിവിധ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും ചരിത്ര ഗവേഷകരും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും.

Tags:    

Similar News