ഹജ്ജ് 2020: ഈമാസം 15 മുതല്‍ ഡിസംബര്‍ 5 വരെ അപേക്ഷ സമര്‍പ്പിക്കാം

അപേക്ഷാഫോമുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2019 ഡിസംബര്‍ അഞ്ചാണ്. 2020 ലെ ഹജ്ജ് കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കിയതായി ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഈമാസം 10ന് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Update: 2019-10-04 17:54 GMT

ന്യൂഡല്‍ഹി: 2020 ലെ ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷകള്‍ ഈമാസം 15 മുതല്‍ സ്വീകരിച്ചുതുടങ്ങും. അപേക്ഷാഫോമുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2019 ഡിസംബര്‍ അഞ്ചാണ്. 2020 ലെ ഹജ്ജ് കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കിയതായി ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഈമാസം 10ന് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എങ്കിലും 'ഹജ്ജ് 2020' പ്രവര്‍ത്തനപദ്ധതിയുടെ കരട് രൂപരേഖ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഹജ്ജ് കമ്മിറ്റികള്‍ക്ക് ഇതിനകം കൈമാറിയിട്ടുണ്ട്.

കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിന് മുന്നോടിയായി ന്യൂനപക്ഷകാര്യ മന്ത്രാലയവും ജിദ്ദ കോണ്‍സുലേറ്റ് ജനറലും സംയുക്തമായി വെള്ളിയാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം 2018 ഒക്ടോബര്‍ 18 മുതലാണ് ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷാഫോം ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സ്വീകരിച്ചുതുടങ്ങിയത്. ഹജ്ജ് തീര്‍ത്ഥാടകരുടെ താമസത്തിനായി കെട്ടിടങ്ങളും ഹോട്ടലുകളും തിരഞ്ഞെടുക്കുന്നതിനായി സംയുക്ത പ്രതിനിധിസംഘം പുണ്യസ്ഥലങ്ങളായ മക്കയിലും മദീനയിലും സന്ദര്‍ശനം നടത്തുമെന്നും ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

2019 ല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ താമസസൗകര്യങ്ങളുടെ നിലവാരം മോശമാണെന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിനിധിസംഘം പ്രദേശത്ത് നേരിട്ട് സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചത്. ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് വരുന്ന ഡിസംബര്‍ രണ്ടാം വാരത്തിലായിരിക്കും നടക്കുക. ഇന്ത്യയിലെ വിവിധ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍, വിമാനത്തിന്റെ ഷെഡ്യൂളും സമയക്രമവും തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാവും '2020 ഹജ്ജ് കര്‍മപദ്ധതി' പ്രസിദ്ധീകരിക്കുകയെന്ന് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. 

Tags:    

Similar News