ആന്ധ്രാപ്രദേശില്‍ പൊതുനിരത്തില്‍ സമ്മേളനം സംഘടിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ വിലക്ക്

Update: 2023-01-03 08:23 GMT

അമരാവതി: ആന്ധ്രാപ്രദേശില്‍ റോഡിലും ദേശീയ പാതയിലും പൊതുസമ്മേളനങ്ങളും റാലികളും സംഘടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പൊതുസുരക്ഷ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടി കന്ദുകുരുവില്‍ നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. 1861ലെ പോലിസ് ആക്ട് പ്രകാരം തിങ്കളാഴ്ച രാത്രി വൈകിയാണ് സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഗതാഗതം, പൊതുഗതാഗതം, അടിയന്തര സേവനങ്ങള്‍ എന്നിവയെ തടസ്സപ്പെടുത്താതെ പൊതുയോഗങ്ങള്‍ നടത്തുന്നതിനായി പൊതുനിരത്തുകളില്‍ നിന്ന് മാറി മറ്റ് സ്ഥലങ്ങള്‍ കണ്ടെത്തണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹരീഷ് കുമാര്‍ ഗുപ്ത അതാത് ജില്ലാ ഭരണകൂടത്തോടും പോലിസിനോടും ആവശ്യപ്പെട്ടു.

പൊതുവഴികളില്‍ മീറ്റിങ്ങുകള്‍ അനുവദിക്കുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. സംസ്ഥാന, മുനിസിപ്പല്‍, പഞ്ചായത്ത് രാജ് റോഡുകള്‍ ഒഴികെയുള്ള ബദല്‍ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുകയും ചെയ്തു. തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ക്കും റാലികള്‍ക്കും വളരെ അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ ഉപാധിയോടെ അനുമതി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ പൊതുയോഗങ്ങള്‍ക്കുള്ള അനുമതി പരിഗണിക്കാവൂ എന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. ചട്ടം ലംഘിച്ചാല്‍ സംഘാടകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിരോധനം നടപ്പിലാക്കുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഡിസംബര്‍ 28 ന് നടന്ന കന്ദുകുരു, ഗുണ്ടൂര്‍ സംഭവമാണ്. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി അപലപിച്ചു. 'ക്രൂരത'യെന്നാണ് നടപടിയെ പ്രതിപക്ഷം വിശേഷിപ്പിച്ചത്.

Tags:    

Similar News