സ്ത്രീ വിരുദ്ധ പരാമര്‍ശം: വിജയ് പി നായര്‍ക്കെതിരേ കേസെടുത്തു

Update: 2020-09-26 17:59 GMT

തിരുവന്തപുരം: സ്ത്രീകള്‍ക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരേ തമ്പാനൂര്‍ പോലിസ് കേസെടുത്തു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മി അറക്കലും നല്‍കിയ പരാതിയിലാണ് കേസെടുത്തത്. തന്റെ യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിനു ഡോ. വിജയ് പി നായരെ ഇദ്ദേഹം താമസിക്കുന്ന ഗാന്ധാരിഅമ്മന്‍ കോവില്‍ റോഡിലെ ശ്രീനിവാസ ലോഡ്ജില്‍ കയറി ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് കൈയേറ്റം ചെയ്യുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിജയ് പി നായര്‍ മാപ്പ് പറഞ്ഞിരുന്നു. തന്റെ വീഡിയോയിലൂടെ പ്രമുഖ കവയിത്രിയെയും ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ഫെമിനിസ്റ്റുകളെ മോശമായി ചിത്രീകരിക്കുകയും ചെയ്തതിനെതിരേയാണ് പ്രതിഷേധമുണ്ടായത്.

    സംഭവത്തില്‍ വീഡിയോ യൂട്യൂബില്‍നിന്ന് നീക്കം ചെയ്യണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലക്ഷ്മി അറാക്കല്‍ സൈബര്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനാലാണ് ഇദ്ദേഹത്തിന്റെ മുറിയിലെത്തി കൈയേറ്റം ചെയ്തതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും വാദം. വിജയ് പി നായരെ മര്‍ദ്ദിച്ചതിന്റെയും മാപ്പ് പറയുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഫെമിനിസ്റ്റുകളെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ച വിജയ് പി നായര്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കേസരിയില്‍ ലേഖനങ്ങള്‍ എഴുതുന്നുണ്ട്.

Anti-woman remarks: Case registered against DR. Vijay P Nair



Tags:    

Similar News