അംഗത്വത്തിനു പിന്നാലെ മന്ത്രിതുല്യ പദവി; മുത്ത്വലാഖ് വിരുദ്ധ 'സമരനായിക'യ്ക്ക് ബിജെപിയുടെ പ്രത്യുപകാരം

ഇക്കഴിഞ്ഞ ആഗസ്തിലാണ് മുസ് ലിം സ്ത്രീകളുടെ (വിവാഹത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) നിയമം 2019 എന്ന പേരില്‍ രാജ്യത്ത് മുത്ത്വലാഖ് നിരോധിച്ചും ക്രിമിനല്‍ കുറ്റമാക്കിയും പാര്‍ലമെന്റ് നിയമം പാസാക്കിയത്

Update: 2020-10-21 11:53 GMT

ഡെറാഡൂണ്‍: മുത്ത്വലാഖിനെതിരേ ആദ്യമായി കോടതിയെ സമീപിച്ച ഷൈറാ ബാനുവിന് പാര്‍ട്ടി അംഗത്വത്തിനു പിന്നാലെ മന്ത്രിപദവിക്കു തുല്യമായ സ്ഥാനം നല്‍കി ബിജെപിയുടെ പ്രത്യുപകാരം. ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗര്‍ ജില്ലയിലെ കാശിപൂരിലെ ഷൈറാ ബാനുവിനെയാണ് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ സഹമന്ത്രിയുടെ സ്ഥാനമുള്ള സംസ്ഥാന വനിതാ കമ്മീഷന്‍ ഉപാധ്യക്ഷ പദവിയില്‍ നിയോഗിച്ചത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവിത്തിന്റെ മാധ്യമ വക്താവ് ദര്‍ശന്‍ സിങ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. ബാനുവിന് പുറമേ, ജ്യോതി ഷാ, പുഷ്പ പാസ്വാന്‍ എന്നിവരെയും വനിതാ കമ്മിഷന്‍ ഉപാധ്യക്ഷരായി ചുമതലയേറ്റിട്ടുണ്ട്. കമ്മീഷനിലെ മൂന്ന് തസ്തികകളും ഏറെക്കാലമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള നവരാത്രി സമ്മാനമാണ് ഇതെന്ന് റാവത്ത് പറഞ്ഞു.

    നേരത്തേ തന്നെ മുത്ത്വലാഖിനെതിരായ നീക്കങ്ങള്‍ക്ക് ഇവര്‍ക്ക് ബിജെപിയുടെ പിന്തുണ ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു. മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടു മോദി സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ നിയമം പാസാക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിവാദങ്ങള്‍ക്കിടെയാണ് കേസ് നടപടികള്‍ക്ക് മുന്നില്‍നിന്ന ഷൈറാ ബാനു കഴിഞ്ഞ ആഴ്ച ബിജെപിയില്‍ ചേര്‍ന്നത്. ഡെറാഡൂണില്‍ നടന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ച ഷൈറാ ബാനു പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനയാലാണ് ബിജെപിയില്‍ ചേര്‍ന്നതെന്നു പറഞ്ഞിരുന്നു.

    ഇക്കഴിഞ്ഞ ആഗസ്തിലാണ് മുസ് ലിം സ്ത്രീകളുടെ (വിവാഹത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) നിയമം 2019 എന്ന പേരില്‍ രാജ്യത്ത് മുത്ത്വലാഖ് നിരോധിച്ചും ക്രിമിനല്‍ കുറ്റമാക്കിയും പാര്‍ലമെന്റ് നിയമം പാസാക്കിയത്. കുമയോണ്‍ സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ കാശിപൂര്‍ ടൗണില്‍ താമസിക്കുന്ന ബാനു 2015 ഒക്ടോബറില്‍ തപാല്‍ വഴി ത്വലാഖ് ചൊല്ലിയെന്ന് ആരോപിച്ചാണ് 2016 ഫെബ്രുവരിയില്‍ കോടതിയെ സമീപിച്ചത്.

Anti-Triple Talaq Activist Shayara Bano Gets Minister Rank In Uttarakhand



Tags: