മലയാള സർവകലാശാലക്കെതിരേ സംവരണവിരുദ്ധ ലോബി; സംവരണ അട്ടിമറിയെ അനുകൂലിച്ച് ഇടത് അധ്യാപക സംഘടന

മലയാള സർവകലാശാലക്കെതിരേ പഴയ മണ്ഡൽ വിരുദ്ധരുടെ പിൻഗാമികൾ ഒരു വിശുദ്ധ ഐക്യമുന്നണിയുണ്ടാക്കി പടനയിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

Update: 2021-06-09 10:47 GMT

തിരൂർ: മലയാളം സർവകലാശാലയിലെ സംവരണ അട്ടിമറിയെ അനുകൂലിച്ച് ഇടത് അധ്യാപക സംഘടന. സംവരണ അട്ടിമറി നടന്നെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മലയാള സർവകലാശാലക്കെതിരേ സംവരണവിരുദ്ധ ലോബി പ്രവർത്തിക്കുന്നതെന്ന വിചിത്ര ആരോപണവുമായി മലയാള സർവകലാശാല അധ്യാപക സംഘടനയായ മാസ് രം​ഗത്തുവന്നത്.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സംവരണതത്വം ശാസ്ത്രീയവും പൂർണവുമായി പാലിച്ചും യുജിസി 2018 ചട്ടങ്ങൾ അനുസരിച്ചുമാണ് മലയാള സർവകലാശാല 2021 ജൂൺ മാസത്തിൽ അധ്യാപകനിയമനങ്ങൾ നടത്തിയത്. സംവരണലംഘനം നടക്കുന്നുവെന്ന് രണ്ടു പത്രങ്ങളും നിയമനം ലഭിക്കാതെ പോയ, സർക്കാർ ജോലിയിലുള്ള ഒരു ഉദ്യോഗാർഥിയും ആരോപിക്കുന്നുവെന്നും മാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സംവരണ ഊഴപ്രകാരം ഇരുപത്തൊമ്പതാമത് വരുന്ന ചലച്ചിത്രപഠന സ്കൂളിലെ അസിസ്റ്റൻ്റ് പ്രഫസർ തസ്തിക പട്ടികജാതി സംവരണമാണ് എന്ന നുണ പരത്തി, സംവരണാനുകൂല വികാരത്തിൻ്റെ മറപിടിച്ച് കടുത്ത ജാതിവിദ്വേഷം പരത്തുകയാണ് ഇവരുടെ മറ്റൊരു തന്ത്രമെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.

കേരളത്തിലെ സർവകലാശാലകൾ ഉൾപ്പെടെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും അഴിമതി നടക്കുന്നുവെന്ന് ഗീബൽസിയൻ പ്രചരണമഴിച്ചുവിട്ട് സ്വകാര്യ - വലതുപക്ഷ കച്ചവട രാഷ്ട്രീയത്തിന് പൊതുസമൂഹത്തിൽ മാന്യത സ്ഥാപിച്ചെടുക്കാനുള്ള രഹസ്യ അജണ്ടയാണിതിലൂടെ നടപ്പാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

മറ്റ് ആരോപണങ്ങൾ ഉന്നയിക്കാനാവാത്തതുകൊണ്ടും സംവരണ പ്രശ്നമുന്നയിച്ചാൽ മറ്റെല്ലാം മൂടിവക്കാമെന്നു കരുതിയും സംവരണ വിരുദ്ധലോബി മലയാള സർവകലാശാലക്കെതിരേ പഴയ മണ്ഡൽ വിരുദ്ധരുടെ പിൻഗാമികൾ ഒരു വിശുദ്ധ ഐക്യമുന്നണിയുണ്ടാക്കി പടനയിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

എന്നാൽ നിയമനത്തിൽ ക്രമക്കേടുകൾ ഉണ്ടെന്ന് രേഖകൾ സഹിതം റിപോർട്ടുകൾ പുറത്തുവന്നിട്ടും ഇത്തരമൊരു വിചിത്രവാദവുമായി നിയമനങ്ങളെ അനുകൂലിച്ച് ഇടത് അധ്യാപക സംഘടന രം​ഗത്ത് വന്നത് ശ്രദ്ധേയമാണ്. അതേസമയം നിയമന വിവാദത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. കാംപസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി, എംഎസ്എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകൾ പ്രത്യക്ഷ പ്രക്ഷോഭവുമായി രം​ഗത്ത് വന്നിട്ടുണ്ട്.