എസ്എഫ്‌ഐ യൂനിയന്‍ ഓഫിസിലും ഉത്തരക്കടലാസ് കെട്ടുകള്‍; ഓഫിസ് ഒഴിപ്പിച്ചു

നേരത്തേ, യൂനിവേഴ്‌സിറ്റ് കോളജിലെ കത്തിക്കുത്തില്‍ ഒന്നാം പ്രതിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നു ഉത്തരക്കടലാസുകളും സീലും കണ്ടെടുത്തിരുന്നു

Update: 2019-07-15 09:59 GMT

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കത്തിക്കുത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിയന്‍ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെടുത്തു. കോളജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് റോള്‍ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ സര്‍വകലാശാല പരീക്ഷയ്ക്കുള്ള ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയത്. യൂനിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന ഓഫിസ് മുറിയാണിത്. വര്‍ഷങ്ങളായി കോളജ് യൂനിയനാണ് ഉപയോഗിച്ചുവന്നിരുന്നത്. ഉത്തരക്കടലാസുകള്‍ക്കു പുറമെ അധ്യാപകന്റെ സീലും കണ്ടെടുത്തിട്ടുണ്ട്. നേരത്തേ, യൂനിവേഴ്‌സിറ്റ് കോളജിലെ കത്തിക്കുത്തില്‍ ഒന്നാം പ്രതിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നു ഉത്തരക്കടലാസുകളും സീലും കണ്ടെടുത്തിരുന്നു. അതിനിടെ, യൂനിയന്‍ ഓഫിസായി പ്രവര്‍ത്തിച്ചിരുന്ന മുറി പിടിച്ചെടുക്കുകയും ഓഫിസ് ഒഴിപ്പിക്കുകയും ചെയ്തു. ക്ലാസ് മുറിയാക്കാനാണു തീരുമാനം. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ പരിശോധയില്‍ മദ്യക്കുപ്പികളും ആയുധങ്ങളും കണ്ടെടുത്തിരുന്നു.

    യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന വധശ്രമക്കേസില്‍ പ്രതികളായ എസ്എഫ്‌ഐ നേതാക്കളുടെ വീട്ടില്‍ നിന്ന് പരീക്ഷാ പേപ്പറുകളും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. രാജ്യത്തിനാകെ മാതൃകയായ പിഎസ്‌സിയെ പോലും സംശയമുനയില്‍ നിര്‍ത്തുന്നതാണ് എസ്എഫ്‌ഐ നേതാക്കളുടെ ഇടപെടല്‍. പിഎസ്‌സിക്ക് സമാന്തരമായ ഓഫിസാണ് യൂനിയന്‍ നേതാവിന്റെ വീട്ടിലുള്ളത്. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.




Tags:    

Similar News