വലയ സൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമായി തുടങ്ങി

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വലയഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്.

Update: 2019-12-26 03:45 GMT

കോഴിക്കോട്: നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമായി തുടങ്ങി. ഗ്രഹണം പാരമ്യത്തിലെത്തുന്നത് 9.26 മുതല്‍ 9.30 വരെ. വടക്കന്‍ ജില്ലകളിലാണ് പൂര്‍ണ തോതില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാകുക. മറ്റ് ജില്ലകളില്‍ ഭാഗികം മാത്രമാണ്. രാവിലെ 8.06 മുതല്‍ 11.15 വരെ ഗ്രഹണം നീളും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വലയഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണത്തെ പൂര്‍ണസൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയസൂര്യഗ്രഹണം, സങ്കരസൂര്യഗ്രഹണം എന്നിങ്ങനെ പലതായി തിരിക്കാം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയ വ്യാസം സൂര്യന്റേതിനേക്കാള്‍ ചെറുതാണെങ്കില്‍ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയംപോലെ ചന്ദ്രനുചുറ്റും കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളെയാണ് വലയ സൂര്യഗ്രഹണം എന്നു വിളിക്കുന്നത്.

രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം ഒന്‍പതരയോടെ പാരമ്യത്തിലെത്തും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണപാത കടന്നുപോകുന്നത്. ഇന്ത്യയില്‍ തെക്കന്‍ കര്‍ണാടകയിലും മധ്യ തമിഴ്‌നാട്ടിലും വലയ സൂര്യഗ്രഹണം കാണാനാകും.

Tags:    

Similar News