പിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി

Update: 2023-09-23 10:39 GMT

കാസര്‍കോട്: പ്രസംഗം കഴിയും മുമ്പ് അനൗണ്‍സ്‌മെന്റ് നടത്തിയതില്‍ ക്ഷുഭിതനായി വേദി വിട്ടെന്ന സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണെന്നും പരിപാടിയില്‍ നേരിട്ട ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇറങ്ങിയതാണെന്നും അദ്ദേഹം കാസര്‍കോട് നടന്ന മറ്റൊരു പൊതുപരിപാടിയില്‍ വ്യക്തമാക്കി. ഒരാള്‍ക്ക് ശരിയല്ലാത്ത ഒരുകാര്യം ചെയ്താല്‍ അത് പറയേണ്ടത് എന്റെ ബാധ്യതയാണ്. അത് പറഞ്ഞു. നിങ്ങള്‍ പിണങ്ങിപ്പോയി എന്ന് പറഞ്ഞാല്‍ നാളെ അങ്ങനെ കണ്ടാല്‍ ഞാന്‍ പറയാതിരിക്കുമോ. അത് വീണ്ടും പറയുമെന്നും അത് എന്റെ ബാധ്യതയായി കാണുന്ന ആളാണ് ഞാനെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ ഉദ്ദേശം, എങ്ങനെയൊക്കെ വല്ലാത്തൊരു ചിത്രം ഉണ്ടാക്കാന്‍ പറ്റും എന്നതാണ്. അതുകൊണ്ടൊന്നും ആ ചിത്രം ജനങ്ങളില്‍ ഉണ്ടാവില്ല എന്ന് മനസ്സിലാക്കണം. നിറഞ്ഞ സന്തോഷത്തോടെ കെട്ടിടം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ അനൗണ്‍സര്‍ അനൗണ്‍സ് ചെയ്തു. ഞാന്‍ പിന്നെ പറയേണ്ട ഒരു വാചകം ഉണ്ട്, സ്‌നേഹാഭിവാദനങ്ങള്‍ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നത്. അത് തീരുംമുമ്പ് തന്നെ അനൗണ്‍സ്‌മെന്റ് നടത്തി. ഞാന്‍ പറഞ്ഞ് അവസാനിപ്പിക്കും മുമ്പേ എങ്ങനെയാണ് അനൗണ്‍സ്‌മെന്റ് നടത്തിയത്. എന്റെ വാചകം തീരണ്ടേ. ഇത് കേള്‍ക്കാതെ അയാള്‍ ആവേശത്തില്‍ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു ചെവിട് കേള്‍ക്കുന്നില്ലേ എന്ന്. ഇത് ചെയ്യാന്‍ പാടില്ലല്ലോ. ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അത് അവസാനിപ്പിക്കണ്ടെ. എന്നിട്ടല്ലേ അനൗണ്‍സ് ചെയ്യാന്‍ പാടുള്ളൂ. അത് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു. ഇതിനെയാണ് മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്ന് ചാനലുകാര്‍ വാര്‍ത്ത കൊടുത്തതെന്നും പിണറായി വിജയന്‍ പറഞ്ഞു. കാസര്‍ഗോഡ് ബദിയടുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘടനത്തിനിടെയാണ് മുഖ്യമന്ത്രി വേദി വിട്ടത്. പ്രസംഗം നിര്‍ത്തുന്നതിനു മുമ്പ് അനൗണ്‍സ്‌മെന്റ് വന്നതോടെ അതൃപ്തി പ്രകടിപ്പിക്കുകയും പരിപാടി പൂര്‍ത്തിയാക്കാതെ പോവുകയുമായിരുന്നു.

Tags: