അഞ്ചേരി ബേബി വധക്കേസ്: മുന്‍ മന്ത്രി എം എം മണി അടക്കം മുന്നു പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

എം എം മണിയെക്കൂടാതെ സിപിഎം പ്രവര്‍ത്തകരായ ഒ ജി മദനന്‍,കുട്ടന്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.കേസ് പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇവരെ കുറ്റവിമുക്തരാക്കിയത്.

Update: 2022-03-18 05:48 GMT

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം എം മണിയടക്കം മൂന്നു പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.കേസില്‍ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് എം എം മണിയടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി അംഗീകരിക്കുകയായിരുന്നു.എം എം മണിയെക്കൂടാതെ സിപിഎം പ്രവര്‍ത്തകരായ ഒ ജി മദനന്‍,കുട്ടന്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.കേസ് പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇവരെ കുറ്റവിമുക്തരാക്കിയത്.

1982 ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്.തുടര്‍ന്ന് പോലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ഏതാനും പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കോടതി ഇവര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു.പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ല്‍ യുഡിഎഫ് ഭരണകാലത്ത് തൊടുപുഴ മണക്കാട് നടന്ന ഒരു യോഗത്തില്‍ എം എം മണി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് അഞ്ചേരി ബേബി വധക്കേസില്‍ എം എം മണിയടക്കം മൂന്നു പേരെ പ്രതികളാക്കി തൊടുപുഴ പോലിസ് കൊലക്കൂറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.തുടര്‍ന്ന് എം എം മണിയെ വീട് വളഞ്ഞ് പോലിസ് അറസ്റ്റു ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

46 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഹൈക്കോടതിയാണ് മണിക്ക് ജാമ്യം നല്‍കിയിരുന്നത്. തനിക്ക് നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എം എം മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് എം എം മണി പറഞ്ഞു.തനിക്ക് വലിയ മാനഹാനിയാണ് കേസ് വരുത്തിവെച്ചത്.ഇപ്പോള്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെട്ട് കോടതി വെറുതെ വിട്ടിരിക്കുകയാണ്.ഇതില്‍ തനിക്ക് സന്തോഷമുണ്ടെന്നും എം എം മണി പറഞ്ഞു.

Tags:    

Similar News