അനില്‍ പനച്ചൂരാന്റെ മരണം: അസ്വഭാവിക മരണത്തിന് കേസെടുത്തു

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് അനിലിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പോലിസ് കേസെടുത്തത്.

Update: 2021-01-04 06:16 GMT

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ കായംകുളം പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് അനിലിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പോലിസ് കേസെടുത്തത്. തുടര്‍ നടപടികള്‍ക്കായി കായംകുളം പോലിസ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് അനിലിന്റെ മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.

ഇന്നലെ രാത്രിയോടെയാണ് ഛര്‍ദ്ദിച്ച് അവശനിലയിലായ അനില്‍ പനച്ചൂരാനെ കിംസിലേക്ക് എത്തിച്ചത്. അനില്‍ രക്തം ഛര്‍ദ്ദിച്ചത് ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി മരണകാരണം കൃത്യമായി കണ്ടെത്തുന്നാണ് നല്ലതെന്ന് ബന്ധുക്കളോട് നിര്‍ദേശിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിലവില്‍ ഡോക്ടര്‍മാരുടെ നിഗമനം.

ഈ സാഹചര്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ പോലും അനില്‍ ബോധവാനായിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. 12 മണിയോടെ കായംകുളം പോലിസ് കിംസില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡി. കോളജിലേക്ക് കൊണ്ടു പോകും. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രിയോടെ തന്നെ അനിലിന്റെ മൃതദേഹം സംസ്‌കരിക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Tags: