ആത്മഹത്യ ചെയ്ത അനില്‍കുമാര്‍ പ്രശ്‌നങ്ങള്‍ ആരോടും പറഞ്ഞിരുന്നില്ല, പ്രതിസന്ധിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു'; മേയര്‍ ആര്യാ രാജേന്ദ്രന്‍

Update: 2025-09-21 07:05 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ അനില്‍കുമാറിന്റെ ആത്മഹത്യ വളരെ വേദനയുണ്ടാക്കുന്നതാണെന്നും പ്രശ്‌നങ്ങളെക്കുറിച്ച് അനില്‍കുമാര്‍ ആരോടും പറഞ്ഞിരുന്നില്ലെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. സഹകരണസംഘത്തിലെ പ്രതിസന്ധി അനില്‍കുമാര്‍ സൂചിപ്പിച്ചിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അനില്‍കുമാറിനെ അലട്ടിയിരുന്നു. പലപ്പോഴും വിളിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ വാര്‍ത്തകളിലൂടെയാണ് ഇത്രയധികം പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നതായി അറിഞ്ഞത്. ആരോഗ്യപരമായി ക്ഷീണിതനായിരുന്നുവെന്ന് പറഞ്ഞിരുന്നു. കൗണ്‍സിലിന് വരാത്തതിനെതുടര്‍ന്ന് പലപ്പോഴും വിളിച്ച് സംസാരിച്ചിരുന്നു. മറ്റു കൗണ്‍സിലര്‍മാരോടും പ്രശ്‌നങ്ങളെക്കുറിച്ച് അനില്‍കുമാര്‍ പറഞ്ഞിരുന്നില്ല. വലിയൊരു ദുഖമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

അനില്‍ കുമാറിനെ ഇന്ന് രാവിലെയാണ് തിരുമലയിലെ കൗണ്‍സിലര്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോപ്പറേഷനിലും ജില്ലയിലെയും ബിജെപിയുടെ വിവിധ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ നേതാവായിരുന്നു അനില്‍കുമാര്‍. താന്‍ എല്ലാവരേയും സഹായിച്ചെന്നും എന്നാല്‍ പ്രതിസന്ധിവന്നപ്പോള്‍ ഒറ്റപ്പെട്ടുവെന്നുമാണ് അനില്‍ കുമാര്‍ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.