കത്ത് വിവാദം; മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പുറത്തേയ്‌ക്കോ ?

കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉപമുഖ്യമന്ത്രി അജിത് പവാറും ജയന്ത് പാട്ടീലും ഇന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ശരദ് പവാറും ഇന്ന് വൈകീട്ട് കൂടിക്കാഴ്ച നടത്തും. കൂടാതെ, പ്രതിപക്ഷമായ ബിജെപിയും അനില്‍ ദേശ്മുഖിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്.

Update: 2021-03-21 07:09 GMT

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍. അനില്‍ ദേശ്മുഖിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരംവീര്‍ സിങ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്ത് വിവാദമായ സംഭവത്തിലാണ് ആഭ്യന്തരമന്ത്രി പദവിയൊഴിയാനുള്ള കളമൊരുങ്ങുന്നത്.

അനില്‍ ദേശ്മുഖിനെതിരായ കത്ത് ഭരണകക്ഷിയായ മഹാരാഷ്ട്ര വികാസ് അഘാഡി സഖ്യത്തില്‍ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. അനില്‍ ദേശ്മുഖിനെതിരേയുള്ളത് ഗുരുതരമായ അഴിമതി ആരോപണമാണ് എന്നതിനാല്‍ പദവി രാജിവയ്‌ക്കേണ്ടിവരുമെന്ന് സഖ്യത്തിലെ ഒരു ഉന്നത നേതാവിനെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും ഇതേ അഭിപ്രായമാണുള്ളതെന്നാണ് നേതാവ് ചൂണ്ടിക്കാട്ടുന്നത്. കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉപമുഖ്യമന്ത്രി അജിത് പവാറും ജയന്ത് പാട്ടീലും ഇന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ശരദ് പവാറും ഇന്ന് വൈകീട്ട് കൂടിക്കാഴ്ച നടത്തും. കൂടാതെ, പ്രതിപക്ഷമായ ബിജെപിയും അനില്‍ ദേശ്മുഖിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്.

ആഭ്യന്തരമന്ത്രി രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെടണമെന്നും പുറത്താക്കണമെന്നും ബിജെപി പറയുന്നു. വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് പരംബീര്‍ സിങ്ങിനെ സ്ഥാനത്തുനിന്ന് മാറ്റുന്നത്. തുടര്‍ന്നാണ് പരംവീര്‍ ആഭ്യന്തരമന്ത്രിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

കേസില്‍ സസ്‌പെന്‍ഷനിലായ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസയെ ഉപയോഗിച്ച് മുംബൈയിലെ ഭക്ഷണശാലകള്‍, ബാറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നായി എല്ലാ മാസവും 100 കോടി രൂപ പിരിച്ചുനല്‍കാന്‍ അദ്ദേഹം ശ്രമിച്ചുവെന്നാണ് കത്തിലുള്ളത്. വാസയെ പോലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രി ഇത്തരം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

സച്ചിന്‍ വാസെ അറസ്റ്റിലായതിനു പിന്നാലെ ബുധനാഴ്ചയാണ് പരംവീര്‍ സിങിനെ മുംബൈ പോലിസ് കമീഷണര്‍ പദവിയില്‍നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റിയത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അയച്ച കത്തിലാണ് ഗുരുതര സാമ്പത്തിക ആരോപണം ഉന്നയിച്ചത്. എന്നാല്‍, ആരോപണം നിഷേധിച്ച് അനില്‍ ദേശ്മുഖ് രംഗത്തെത്തി. കേസില്‍ താനും കുടുങ്ങുമെന്ന് ഉറപ്പായതോടെ പരംവീര്‍ സിങ് സ്വയരക്ഷയ്ക്കുവേണ്ടിയാണ് ആരോപണമുന്നയിക്കുന്നത്. പരംവീര്‍ സിങ്ങിനെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags: