സുപ്രിംകോടതി ജഡ്ജിക്ക് ഭീഷണി: വാര്‍ത്ത അടിസ്ഥാനരഹിതം; പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയെന്ന് പോപുലര്‍ ഫ്രണ്ട്

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എഎന്‍ഐ അധികാരികളെ ബന്ധപ്പെട്ടെങ്കിലും വാര്‍ത്തയിലെ സംഘടനയെക്കുറിച്ചുള്ള തെറ്റായ പരാമര്‍ശം തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യാന്‍ തയ്യാറായില്ല. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ചില ന്യൂസ് പോര്‍ട്ടലുകളും പത്രങ്ങളും ഇതേ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

Update: 2019-11-18 07:46 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജി അബ്ദുല്‍ നസീറിന്റെയും കുടുംബത്തിന്റെയും ജീവന് പോപുലര്‍ ഫ്രണ്ടിന്റെ ഭീഷണിയുണ്ടെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വളരെ ആക്ഷേപകരവുമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന. ഞായറാഴ്ച വൈകീട്ടോടെയാണ് പോപുലര്‍ ഫ്രണ്ടിനെതിരേ എഎന്‍ഐ വാര്‍ത്താ ഏജന്‍സി ഇത്തരത്തില്‍ അപകീര്‍ത്തികരവും സാങ്കല്‍പ്പിക ഗൂഢാലോചന നിറഞ്ഞതുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ആരോപണം ശക്തമായി നിഷേധിച്ച ജനറല്‍ സെക്രട്ടറി, സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അപവാദങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇത്തരമൊരു ഗുരുതരമായ ആരോപണം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തങ്ങളുടെ നിലപാടറിയാന്‍ എഎന്‍ഐ റിപോര്‍ട്ടര്‍മാരോ എഡിറ്റോറിയല്‍ സ്റ്റാഫ് അംഗങ്ങളോ ബന്ധപ്പെടാന്‍ ശ്രമിക്കാതിരുന്നത് വളരെ നിര്‍ഭാഗ്യകരമാണ്.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എഎന്‍ഐ അധികാരികളെ ബന്ധപ്പെട്ടെങ്കിലും വാര്‍ത്തയിലെ സംഘടനയെക്കുറിച്ചുള്ള തെറ്റായ പരാമര്‍ശം തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യാന്‍ തയ്യാറായില്ല. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ചില ന്യൂസ് പോര്‍ട്ടലുകളും പത്രങ്ങളും ഇതേ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പോപുലര്‍ ഫ്രണ്ടില്‍നിന്നും മറ്റ് ഭാഗങ്ങളില്‍നിന്നുമുള്ള ഭീഷണി കണക്കിലെടുത്ത് സുപ്രിംകോടതി ജഡ്ജിക്കും കുടുംബത്തിനും കര്‍ണാടകയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സുരക്ഷാ സേനയും ലോക്കല്‍ പോലിസും ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുമെന്നായിരുന്നു എഎന്‍ഐ റിപോര്‍ട്ട്. സുരക്ഷാ ഏജന്‍സികളില്‍നിന്നുള്ള റിപോര്‍ട്ട് പ്രകാരമാണ് നടപടിയെന്ന് തങ്ങള്‍ക്ക് ഔദ്യോഗിക വിവരം ലഭിച്ചതായും എഎന്‍ഐ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍, വാര്‍ത്ത നല്‍കിയതിന് ഉറവിടമായി ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയെയോ ഉദ്യോഗസ്ഥനെയോ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നില്ല. ഈ സാഹചര്യത്തില്‍ റിപോര്‍ട്ടിന്റെ പൂര്‍ണ ഉത്തരവാദിത്വം എഎന്‍ഐയ്ക്കും അതേ വാര്‍ത്ത നല്‍കിയ മറ്റ് മാധ്യമങ്ങള്‍ക്കുമായിരിക്കും. നിരുപാധിക ക്ഷമാപണത്തോടെ എത്രയുംവേഗം വാര്‍ത്ത പിന്‍വലിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണമെന്ന് എം മുഹമ്മദലി ജിന്ന ആവശ്യപ്പെട്ടു. ഇത്രയും ഗുരുതരമായ വിഷയത്തില്‍ നിരുത്തരവാദപരമായ സമീപനം തുടരുകയാണെങ്കില്‍ പൊതുതാല്‍പര്യവും സമാധാനവും സഹവര്‍ത്തിത്വവും കണക്കിലെടുത്ത് ബന്ധപ്പെട്ട മാധ്യമങ്ങള്‍ക്കെതിരേ സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ ആരംഭിക്കാന്‍ സംഘടന നിര്‍ബന്ധിതമാവുമെന്ന് ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന മുന്നറിയിപ്പ് നല്‍കി. 

Tags:    

Similar News