കൊവിഡ് പ്രതിരോധത്തില്‍ സമ്പൂര്‍ണ പരാജയം; മോദി സര്‍ക്കാരിനെതിരേ ജനരോഷമിരമ്പുന്നു

കൊവിഡ് ദിനംപ്രതി ആയിരങ്ങളുടെ ജീവന്‍ അപഹരിക്കുന്നത് തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ രോഷം നുരഞ്ഞുപൊങ്ങുകയാണ്.

Update: 2021-04-29 06:10 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട മോദി സര്‍ക്കാരിനെതിരേ ജനരോഷം ഇരമ്പുന്നു. കൊവിഡ് ദിനംപ്രതി ആയിരങ്ങളുടെ ജീവന്‍ അപഹരിക്കുന്നത് തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ രോഷം നുരഞ്ഞുപൊങ്ങുകയാണ്.

പതിനായിരങ്ങളാണ് മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയും മീമുകള്‍ നിര്‍മിച്ചും വീഡിയോകളും മാധ്യമ വാര്‍ത്തകളും പങ്കിട്ട് തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നത്.

കൂടാതെ, മോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹാഷ് ടാഗ് സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്റിങായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് പകര്‍ച്ചവ്യാധി മൂലമുണ്ടായ മരണത്തിനും നാശത്തിനും മോദിയെയും കേന്ദ്രസര്‍ക്കാരിനേയും നേരിട്ട് കുറ്റപ്പെടുത്തുകയാണ് അവര്‍.

കൊവിഡ് അതിന്റെ മൂര്‍ധന്യത്തില്‍ എത്താനിരിക്കുന്നതേയുള്ളുവെന്നും ഉത്തരേന്ത്യയിലെ ആരോഗ്യസംരക്ഷണ സംവിധാനം തകര്‍ന്നതായും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ബുധനാഴ്ച രണ്ടുലക്ഷം തൊട്ടിരുന്നു.

തലസ്ഥാനം പൂട്ടിയിട്ടിരിക്കുമ്പോഴും സെന്‍ട്രല്‍ വിസ്റ്റ പ്രോജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് നിരവധി പേരാണ് മുന്നോട്ട് വന്നിട്ടുള്ളത്.

ഇതുപോലുള്ള പ്രതിസന്ധികളില്‍ പോലും പൊതുജനാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതില്‍ സര്‍ക്കാര്‍ പരായപ്പെട്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി മോദിയെ 'സൂപ്പര്‍ സ്‌പ്രെഡര്‍' എന്ന് ആക്ഷേപിക്കുന്ന ടൈം മാഗസിന്‍ കവറും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് റാലികളിലേക്ക് വന്‍ ആള്‍കൂട്ടത്തെ ആകര്‍ഷിച്ച് കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കിയത് പ്രധാനമന്ത്രിയാണെന്നും ജനം കുറ്റപ്പെടുത്തുന്നു.

വൈറസ് പടരുന്നത് തടയുന്നതിനും സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിനുമുള്ള നയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം സര്‍ക്കാരിനെതിരേയുള്ള ട്വീറ്റുകള്‍ തടഞ്ഞുകൊണ്ട് വിമര്‍ശനങ്ങള്‍ക്ക് തടയിടാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാരെന്നും ആക്ഷേപമുണ്ട്.

Tags:    

Similar News