ഹൈദരബാദ്: ആന്ധ്രാപ്രദേശില്‍ ടിഡിപി (തെലുങ്ക് ദേശം പാര്‍ട്ടി) നേതാവിനെ വെട്ടിക്കൊന്നു. പെഡഗര്‍ലപാഡു ഗ്രാമത്തിലെ മുന്‍ തലവന്‍ പുരംസെട്ടി അന്‍കുലുവിനെയാണ് വെട്ടിക്കൊല്ലപെടുത്തിയത്. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്ന് പോലിസ് പറഞ്ഞു.രാത്രി 7 മണിയോടെ അങ്കുലുവിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി ടിഡിപി നേതാവിന്റെ കുടുംബം പറഞ്ഞു.
മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഇതിന് മുമ്പും അദ്ദേഹത്തിന് നേരേ വധ ശ്രമം നടന്നിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ ലഭിച്ചാല്‍ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. അന്‍കുലുവും മറ്റുള്ളവരുമായി സാമ്പത്തിക തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും പോലിസ് വ്യക്തമാക്കി.
ഡിസംബര്‍ 29 ന് കടപ്പ ജില്ലയിലെ പ്രോഡാറ്റുരു പ്രദേശത്ത് മറ്റൊരു ടിഡിപി നേതാവ് നന്ദം സുബ്ബയ്യയെ വെട്ടിക്കൊല്ലപെടുത്തിരുന്നു. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിനായി യുവജന സ്രാമിക റൈതു കോണ്‍ഗ്രസ് പാര്‍ട്ടി കൊലപാതക രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയാണെന്ന് ടിഡിപി പ്രസിഡന്റ് എന്‍ ചന്ദ്രബാബു നായിഡു ആരോപിച്ചു. കഴിഞ്ഞ 19 മാസത്തിനിടെ സംസ്ഥാനത്തൊട്ടാകെ 16 ലധികം ടിഡിപി നേതാക്കള്‍ കൊല്ലപ്പെട്ടുവെന്ന് നായിഡു പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാറിന്റെ പരാജയങ്ങള്‍, അഴിമതി, അശ്രദ്ധ എന്നിവ പ്രതിപക്ഷ നേതാക്കള്‍ ചോദ്യം ചെയ്യുമ്പോള്‍ യാഥാര്‍ത്ഥ്യം ആഗിരണം ചെയ്യാന്‍ കഴിയാത്ത വൈ.എസ്.ആര്‍.സി.പി നേതാക്കളുടെ ക്രിമിനല്‍ അസഹിഷ്ണുതയ്ക്ക് കണ്ണാടിയാണ് പ്രോഡാറ്റൂരുവിലെ അങ്കുലുവിന്റെയും കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു.
