അനന്യയുടെ പങ്കാളി ജിജുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Update: 2021-07-24 01:01 GMT

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ പങ്കാളി ജിജു ഗിരിജാ രാജിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. വൈറ്റില തൈക്കൂടത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെയാണ് ജിജുവിന്റെ മൃതദേഹം കാണപ്പെട്ടത്. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അനന്യയും ജിജുവും ഒരുമിച്ചാണ് ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞിരുന്നത്. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചിരുന്നു.

അനന്യയുടെ മരണത്തിനു ശേഷം ജിജു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പോലിസിനോട് പറഞ്ഞു. അനന്യയുടെ സംസ്‌കാരത്തിനുശേഷം കൊല്ലത്തുനിന്ന് മടങ്ങിയെത്തിയ ജിജു വൈറ്റിലയില്‍ സുഹൃത്തുക്കളുടെ വീട്ടില്‍ തങ്ങുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അനന്യ നല്‍കിയ പരാതിയും ഇരുവരുടെയും മരണവും പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റേത് ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കളമശേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.പെരുമണ്‍ മുണ്ടക്കല്‍ സെന്റ് ജോസഫ്‌സ് പള്ളിയിലായിരുന്നു സംസ്‌കാരം. ഒരു വര്‍ഷം മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന് അനന്യ പരസ്യമായി പറഞ്ഞിരുന്നു.