ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വില മാത്രം: വീണ്ടും ന്യായീകരണവുമായി എ വിജയരാഘവന്‍

ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വിലയേയുള്ളുവെന്നും വിഷയം ഗൗരവമുളളതല്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-07-24 11:01 GMT

മലപ്പുറം: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വിലയേയുള്ളുവെന്നും വിഷയം ഗൗരവമുളളതല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും യൂനിവേഴ്‌സിറ്റി കോളജിലെ അക്രമങ്ങളെ വിജയരാഘവന്‍ ന്യായീകരിച്ചു. യുഡിഎഫും ബിജെപിയും ചില മാധ്യമ മുതലാളിമാരും ചേര്‍ന്ന് സര്‍ക്കാരിനെ തര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കോളജില്‍ അടിപിടി ഉണ്ടാക്കിയവരെ പോലിസ് അറസ്റ്റ് ചെയ്തു.

പ്രതികളെ പിടിച്ചാല്‍ പിന്നെ സമരം ചെയ്യുന്നത് എന്തിനാണ്. പിണറായിയുടെ പോലിസില്‍ വിശ്വാസമില്ലാത്തതിനാലാണ് കോണ്‍ഗ്രസുകാര്‍ അമിത്ഷായുടെ സിബിഐ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് എന്നത് ഇപ്പോള്‍ അന്റണിയല്ല അമിത്ഷായാണെന്നും വിജയരാഘവന്‍ പരിഹസിച്ചിരുന്നു.

കെഎസ്‌യുവിന്റെ സമരത്തില്‍ പങ്കെടുക്കുന്നത് മീന്‍കച്ചവടക്കാരും കുറച്ച് വക്കീലന്‍മാരുമാണ്. 30 വയസും 600 മാസവും പ്രായമുള്ള ഉമ്മന്‍ചാണ്ടിയാണ് കെഎസ്‌യു സമരം നയിക്കുന്നത്.വലതുപക്ഷ വര്‍ഗീയ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് എസ്എഫ്‌ഐയുടെ അന്ത്യകൂദാശ നടത്താന്‍ മാധ്യമങ്ങള്‍ ശ്രമം നടത്തുകയാണ്. ഇത് വിലപ്പോവില്ല. മാധ്യമങ്ങളുടെ താരാട്ട് പാട്ടു കേട്ടല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്. നുണ പ്രചരിപ്പിക്കുന്നവരെ പരസ്യമായി വിചാരണ ചെയ്ത് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

Tags:    

Similar News