സൗദി തുറങ്കിലടച്ച ഹമാസ് നേതാവിനെ മോചിപ്പിക്കാന്‍ സല്‍മാന്‍ രാജാവിനോട് ആവശ്യപ്പെട്ട് ആംനസ്റ്റി

ഒരു വര്‍ഷത്തിലധികമായി സൗദി ജയിലില്‍ കഴിയുന്ന 81 കാരനായ അല്‍ഖോദാരിയെയും മകന്‍ ഹാനിയെയും നിരുപാധികം വിട്ടയക്കണമെന്നാണ് അറബിയിലുള്ള തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ ആംനസ്റ്റി സൗദി രാജാവിനോട് ആവശ്യപ്പെട്ടത്.

Update: 2020-10-06 12:12 GMT

ജിദ്ദ: ഹമാസ് മുന്‍ നേതാവ് ഡോ. മുഹമ്മദ് അല്‍ ഖോദാരിയെ ഉടന്‍ വിട്ടയക്കണമെന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനോട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വീണ്ടും ആവശ്യപ്പെട്ടു.ഒരു വര്‍ഷത്തിലധികമായി സൗദി ജയിലില്‍ കഴിയുന്ന 81 കാരനായ അല്‍ഖോദാരിയെയും മകന്‍ ഹാനിയെയും നിരുപാധികം വിട്ടയക്കണമെന്നാണ് അറബിയിലുള്ള തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ ആംനസ്റ്റി സൗദി രാജാവിനോട് ആവശ്യപ്പെട്ടത്.

'തടങ്കലില്‍, ഡോ. മുഹമ്മദ് അല്‍ഖോദാരിയുടേയും മകന്‍ ഹാനി അല്‍ഖോദാരിയുടേയും മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടതായും സംഘടന ചൂണ്ടിക്കാട്ടി. അറസ്റ്റിനു ശേഷം ഇരുവര്‍ക്കും നിയമ പരിരക്ഷ നിഷേധിച്ചതായും ആംനസ്റ്റി വ്യക്തമാക്കി. 'അര്‍ബുദത്തിന് വൈദ്യസഹായവും ചികിത്സയും ആവശ്യമുള്ള' അല്‍ഖോദാരിയുടെ ജീവന്‍ അപകടത്തിലാണെന്നും ജയിലുകളില്‍ കൊവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി.

മൂന്ന് പതിറ്റാണ്ടായി ജിദ്ദയില്‍ താമസിക്കുന്ന അല്‍ഖോദാരി, രണ്ട് പതിറ്റാണ്ടായി ഹമാസ്-സൗദി ബന്ധത്തിലെ കണ്ണിയായി വര്‍ത്തിച്ചുവരികയാണ്. 'തീവ്രവാദ സംഘടനയില്‍' അംഗമായി, ഹമാസിന് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അല്‍ഖോദാരിയെ സൗദി അറസ്റ്റ് ചെയ്തത്.

Tags:    

Similar News