ഇസ്രായേല്‍ സൈനിക താവളത്തില്‍നിന്ന് പതിനായിരക്കണക്കിന് വെടിയുണ്ടകള്‍ മോഷണം പോയി

തസ്ലിം കിബ്ബൂട്ടിന് സമീപത്തെ ദേശീയ സൈനിക പരിശീലന കേന്ദ്രത്തിലാണ് വന്‍ കവര്‍ച്ച നടന്നത്.

Update: 2021-01-04 10:39 GMT

തെല്‍അവീവ്: തെക്ക് ഇസ്രായേലിന്റെ സൈനിക താവളത്തില്‍ നിന്ന് പതിനായിരക്കണക്കിന് വെടിയുണ്ടകള്‍ മോഷ്ടാക്കള്‍ അപഹരിച്ചതായി യെഡിയോത്ത് അഹ്‌റോനോത്ത് റിപ്പോര്‍ട്ട് ചെയ്തു. തസ്ലിം കിബ്ബൂട്ടിന് സമീപത്തെ ദേശീയ സൈനിക പരിശീലന കേന്ദ്രത്തിലാണ് വന്‍ കവര്‍ച്ച നടന്നത്. കഴിഞ്ഞ ദശകത്തില്‍ നിരവധി തവണ ഇവിടെ മോഷണം നടന്നിരുന്നു. വെടിക്കോപ്പുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവിടെനിന്ന് മോഷണം പോയിരുന്നു.

ഇസ്രയേല്‍ സൈന്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെടിമരുന്ന് മോഷണമാണിതെന്ന് പ്രാദേശിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകളെക്കുറിച്ച് കൃത്യമായി അറിയുന്ന താവളത്തിനകത്തുള്ളവരില്‍നിന്ന് മോഷ്ടാക്കള്‍ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.

വാഹനവുമായി താവളത്തില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ മിനുറ്റുകള്‍ക്കകം നൂറുകണക്കിന് വെടിമരുന്ന് പെട്ടികള്‍ കയറ്റി സ്ഥലംവിട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ബുള്ളറ്റുകള്‍ കുറ്റവാളി സംഘങ്ങള്‍ക്ക് വില്‍ക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

മോഷണത്തിന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് യെഡിയോത്ത് അഹ്‌റോനോത്ത് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കണ്ടെത്തലുകള്‍ സൈനിക പ്രോസിക്യൂട്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യും.

Tags: