അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് അമിത് ഷാ; ആശങ്ക അറിയിച്ച് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്, വെടിവെപ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞതായി പോലിസ്

തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി എ കെ ഭല്ല, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, ഡല്‍ഹി പോലിസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

Update: 2020-02-24 19:24 GMT

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ക്കെതിരേ വ്യാപക അതിക്രമം നടന്ന പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി എ കെ ഭല്ല, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, ഡല്‍ഹി പോലിസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു. അക്രമ സംഭവങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ഷാ നിര്‍ദ്ദേശം നല്‍കി. രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികള്‍ അമിത്ഷാ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

അതേസമയം, അതിനിടെ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഭ്യര്‍ഥിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണം. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അക്രമ സംഭവങ്ങളില്‍ ആശങ്ക അറിയിച്ച് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് കത്തയച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലുള്ള മുസ്‌ലിം വിഭാഗക്കാരുടെയും പട്ടികജാതിക്കാരുടെയും സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ടെന്നും അക്രമ സംഭവങ്ങള്‍ നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.അതിനിടെ, തന്റെ മണ്ഡലത്തില്‍ ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് വ്യക്തമാക്കി ബാബര്‍പുര്‍ എംഎല്‍എയും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് രംഗത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് സ്ഥലത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുക്കുന്നില്ല.

പ്രദേശത്ത് പോലീസിനെ വിന്യസിക്കാന്‍ അദ്ദേഹം ഡല്‍ഹി ലഫ്. ഗവര്‍ണറോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും അഭ്യര്‍ഥിച്ചു. അക്രമികള്‍ അഴിഞ്ഞാടുകയാണെന്നും തീവെപ്പ് നടത്തുന്നുവെന്നും എന്നാല്‍ പോലീസ് സ്ഥലത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. വിദേശ രാജ്യത്തുനിന്നുള്ള അതിഥി ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷം രാജ്യത്തിന് നാണക്കേടാണെന്ന് എഐഎംഐഎം നേതാ അസദുദീന്‍ ഒവൈസി ഹൈദരാബാദില്‍ ആരോപിച്ചു.


അതേസമയം, സംഘര്‍ഷത്തിനിടെ വെടിവെപ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞുവെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. ചുവപ്പ് ടീഷര്‍ട്ട് ധരിച്ച് ഷാരൂഖ് എന്നയാളാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സംഘര്‍ഷത്തിനിടെ പോലീസിനുനേരെ വെടിവച്ചതെന്നാണ് ഡല്‍ഹി പോലിസ് പറയുന്നത്.

Tags:    

Similar News